പിഎസ്ജിയുമായി വേഗത്തിൽ ഇണങ്ങി ചേരാൻ സാധിച്ചു, ബ്രസീലിയൻ താരം റഫീഞ്ഞ പറയുന്നു !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ താരം റഫീഞ്ഞ അൽകാൻട്ര എഫ്സി ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ എത്തിയത്. തുടർന്ന് നീംസിനെതിരെയുള്ള മത്സരത്തിൽ കളിച്ച താരം അസിസ്റ്റ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പിഎസ്ജിയുടെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഈ ബ്രസീലിയൻ താരം. വളരെ വേഗത്തിൽ തന്നെ പിഎസ്ജിയുമായി ഇണങ്ങി ചേരാൻ തനിക്ക് സാധിച്ചു എന്നാണ് റഫീഞ്ഞ അഭിപ്രായപ്പെട്ടത്. പിഎസ്ജിയിലെ എല്ലാവരും തന്നെ ഹാർദവമായാണ് സ്വീകരിച്ചതെന്നും അതിന് തനിക്ക് നന്ദിയുണ്ടെന്നും റഫീഞ്ഞ കൂട്ടിച്ചേർത്തു.നീംസിനെതിരെയുള്ള മത്സരത്തിൽ എംബാപ്പെക്ക് നൽകിയ അസിസ്റ്റിനെ കുറിച്ചും താരം വാചാലനായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പിഎസ്ജിയുടെ ലോക്കർ റൂമിനകത്തുള്ള അന്തരീക്ഷം വളരെ നല്ലതാണ്. എനിക്ക് വർഷങ്ങളായി പരിചയമുള്ള താരങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്റെ ആദ്യ ദിവസം തന്നെ എനിക്ക് പിഎസ്ജിയുമായി വേഗത്തിൽ ഇണങ്ങി ചേരാൻ സാധിച്ചു. എന്നെ എല്ലാ താരങ്ങളും നല്ല രീതിയിലാണ് സ്വീകരിച്ചത്. എല്ലാം വളരെ പെട്ടന്നായിരുന്നു സംഭവിച്ചത്. തന്നെ നല്ല രീതിയിൽ ട്രീറ്റ് ചെയ്ത താരങ്ങളോടും പരിശീലകനോടും ഞാൻ നന്ദി പറയുന്നു. നീംസിനെതിരെയുള്ള മത്സരത്തിലെ അസിസ്റ്റ് എനിക്ക് സന്തോഷം നൽകുന്ന ഒന്നാണ്. പന്ത് സ്വീകരിച്ച ഞാൻ അത് കൌണ്ടർ അറ്റാക്കിനുള്ള ഒരു അവസരമാണ് എന്ന് മനസ്സിലാക്കി. തന്റെ വേഗത മുതലെടുത്ത് വരുന്ന എംബാപ്പെയെ ഞാൻ കണ്ടിരുന്നു. ഞാൻ അദ്ദേഹത്തിന് സ്പേസിലൂടെ ബോൾ കൈമാറി. അദ്ദേഹത്തിന്റെ വേഗത കാരണം അദ്ദേഹം അത് ലളിതമായി പിടിച്ചെടുക്കുകയും ഫിനിഷ് ചെയ്യുകയും ചെയ്തു ” റഫീഞ്ഞ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *