സാധാരണ മനുഷ്യർക്ക് സാധിക്കാത്തത്: ഹാലന്റിന്റെ ഗോളിൽ അത്ഭുതം പ്രകടിപ്പിച്ച് പെപ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. എതിരല്ലാത്ത 5 ഗോളുകൾക്കാണ് സ്പാർട്ട പ്രാഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിട്ടുണ്ട്.പോർച്ചുഗീസ് താരമായ മാത്യൂസ് നുനസ് ഒരു ഗോളും രണ്ട് അസിസ്റ്റുകളും മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.ഫോഡൻ,സ്റ്റോൺസ് എന്നിവർ മത്സരത്തിൽ ഓരോ ഗോളുകളും നേടിയിട്ടുണ്ട്. മത്സരത്തിൽ ഹാലന്റ് നേടിയ ആദ്യ ഗോൾ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
സാവിഞ്ഞോയുടെ അസിസ്റ്റിൽ നിന്നും ഒരു അക്രോബാറ്റിക് ഗോളാണ് ഹാലന്റ് നേടിയിട്ടുള്ളത്.എയറിൽ നിന്നു കൊണ്ട് ബാക്ക് ഹീൽ ഗോളാണ് യഥാർത്ഥത്തിൽ അദ്ദേഹം നേടിയിട്ടുള്ളത്. ഈ അസാധാരണമായ ഗോളിനെ പ്രശംസിച്ചുകൊണ്ട് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്.സാധാരണ രീതിയിലുള്ള മനുഷ്യർക്ക് സാധിക്കാത്ത ഒന്നാണ് ഹാലന്റ് ചെയ്തിരിക്കുന്നത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എങ്ങനെയാണ് ഹാലന്റ് ആ ഗോൾ നേടിയത് എന്നുള്ളത് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരു മനുഷ്യന് സാധാരണഗതിയിൽ സാധിക്കാത്ത ഒന്നാണ് അത്.ഒരു ഫന്റാസ്റ്റിക് ഗോൾ തന്നെയാണ് അദ്ദേഹം നേടിയിട്ടുള്ളത്. വളരെ കുറഞ്ഞ സമയം മാത്രമായിരിക്കും അദ്ദേഹം ടച് ചെയ്യുക.പക്ഷേ ഏഴോ എട്ടോ അവസരങ്ങൾ അദ്ദേഹം ഉണ്ടാക്കിയെടുത്തിരിക്കും.നേരത്തെ ബൊറൂസിയക്കെതിരെ അദ്ദേഹം ഇതുപോലെയുള്ള ഒരു ഗോൾ നേടിയിരുന്നു.ഇത്തരം ഗോളുകൾ അവിശ്വസനീയമാണ്.ഈ രണ്ട് ഗോളുകളിൽ ഏതാണ് ബുദ്ധിമുട്ട് എന്നെനിക്ക് പറയാൻ കഴിയുന്നില്ല. പക്ഷേ രണ്ടും വളരെയധികം അവിശ്വസനീയമായിരുന്നു ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മിന്നുന്ന ഫോമിലാണ് ഹാലന്റ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2 ഹാട്രിക്ക്കൾ ഉൾപ്പെടെ 10 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ കാര്യത്തിൽ നെയ്മർ ജൂനിയറെ പോലും മറികടക്കാൻ ഇപ്പോൾ ഹാലന്റിന് സാധിച്ചിട്ടുണ്ട്.