ബാലൺഡി’ഓർ നടന്നിട്ടില്ല,റയലിന്റെ നിലപാട്!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഇന്നലെയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിക്കപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്‌ഫീൽഡറായ റോഡ്രിയാണ് ഈയൊരു പുരസ്കാരം സ്വന്തമാക്കിയത്. ദീർഘ കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലൺഡി’ഓർ സ്വന്തമാക്കുന്നത്.എന്നാൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വലിയ വിവാദങ്ങളാണ് ഫുട്ബോൾ ലോകത്ത് അരങ്ങേറിയത്.
ഈ ബാലൺഡി’ഓർ പുരസ്കാരം വിനീഷ്യസ് ജൂനിയർ സ്വന്തമാക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാൽ റോഡ്രിയാണ് ഈ പുരസ്കാരം നേടുന്നത് എന്ന കാര്യം റയൽ മാഡ്രിഡിനെ അറിയിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഏകദേശം 50 ഓളം പേർ റയൽ മാഡ്രിഡിൽ നിന്നും ചടങ്ങിന് പോവാൻ ഒരുങ്ങിയിരുന്നു. പക്ഷേ വിനിക്ക് അവാർഡ് ലഭിക്കുന്നില്ല എന്ന് മനസ്സിലായതോടെ റയൽ മാഡ്രിഡ് ഒന്നടങ്കം ഈ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. അവരുടെ ക്ലബ്ബിൽ നിന്ന് ഒരാൾ പോലും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
ബാലൺ ഡി’ഓർ നടന്നിട്ടില്ല എന്ന ഒരു നിലപാടാണ് റയൽ മാഡ്രിഡ് സ്വീകരിച്ചത്. അവരുടെ സാമൂഹിക മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരൊറ്റ പോസ്റ്റ് പോലും നമുക്ക് കാണാൻ കഴിയില്ല.ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം നേടിയ റയൽ മാഡ്രിഡാണ്, ഏറ്റവും മികച്ച പരിശീലകൻ ഉള്ള പുരസ്കാരം നേടിയത് കാർലോ ആഞ്ചലോട്ടിയാണ്,ഗെർഡ് മുള്ളർ ട്രോഫി എംബപ്പേക്കുണ്ടായിരുന്നു,കൂടാതെ റയൽ മാഡ്രിഡിന്റെ പല താരങ്ങളും ഈ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിരുന്നു. പക്ഷേ വിനീഷ്യസിനെ കളഞ്ഞതിൽ പ്രതിഷേധിച്ചുകൊണ്ട് റയൽ എല്ലാ നിലക്കും ഇത് ബഹിഷ്കരിക്കുകയായിരുന്നു.
യുവേഫയും ഫ്രാൻസ് ഫുട്ബോൾ മാഗസിനും തങ്ങളെ അപമാനിച്ചു എന്നാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്.ഈ വിഷയത്തിൽ ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധങ്ങൾ ഉയരുന്നത്.വിനീഷ്യസിനോട് ചെയ്തത് കടുത്ത അനീതിയാണ് എന്നാണ് പലരും വാദിക്കുന്നത്. ഏതായാലും റയൽ വിനീഷ്യസിന് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.കാർലോ ആഞ്ചലോട്ടി ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത് ഒഴിച്ചാൽ റയൽ മാഡ്രിഡ് ഈ ബാലൺഡി’ഓറിനെ പൂർണ്ണമായും റദ്ദ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.