പിഎസ്ജിക്കെതിരെയുള്ള മത്സരത്തിന് ദിവസങ്ങൾ മാത്രം,ബയേൺ ക്യാമ്പിൽ പൊട്ടിത്തെറി!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒരു വമ്പൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഫുട്ബോൾ ലോകത്തെ കരുത്തരായ പിഎസ്ജിയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുക. ഫെബ്രുവരി പതിനാലാം തീയതി പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ മത്സരം അരങ്ങേറുക.ഇനി കേവലം 10 ദിവസങ്ങൾ മാത്രമാണ് ഈ മത്സരത്തിന് അവശേഷിക്കുന്നത്.

എന്നാൽ ഈ മത്സരത്തിനു മുന്നേ ബയേൺ ക്യാമ്പിൽ ഇപ്പോൾ ചില പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്.ബയേൺ ഗോൾകീപ്പർ പരിശീലകനായിരുന്ന ടോണി ടപലോവിച്ചിനെ ക്ലബ്ബ് പുറത്താക്കിയിരുന്നു. ഇതിനെതിരെ ബയേണിന്റെ ഗോൾ കീപ്പറായ മാനുവൽ ന്യൂയർ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ വിമർശനങ്ങൾക്ക് ബയേണിന്റെ ചെയർമാനായ ഒലിവർ ഖാൻ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ന്യൂയർ പറഞ്ഞ കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

” എന്റെ കരിയറിൽ സംഭവിച്ച ഏറ്റവും ക്രൂരമായ കാര്യമാണ് ടോണിയെ പുറത്താക്കിയത്.ക്ലബ്ബിന്റെ നടപടി എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.എന്തുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല.എനിക്ക് വേണ്ടി മാത്രമല്ല 11 വർഷത്തോളം അദ്ദേഹം ഇവിടെ വർക്ക് ചെയ്തത്,എല്ലാവർക്കും വേണ്ടിയാണ്. ക്ലബ്ബിന്റെ പ്രവർത്തി വലിയ നിരാശയാണ് എനിക്ക് ഉണ്ടാക്കിയിട്ടുള്ളത്.ഇത് ക്ലബ്ബിനും എനിക്കും എല്ലാവർക്കും വലിയ നാണക്കേടാണ് സൃഷ്ടിച്ചിട്ടുള്ളത് ” ഇതാണ് മാനുവൽ ന്യൂയർ പറഞ്ഞിട്ടുള്ളത്.

ഇതിന് ഒലിവർ ഖാൻ നൽകിയ മറുപടി ഇങ്ങനെയാണ്. ” മാനുവൽ ന്യൂയർ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും സമയോചിതമല്ല.അത് അംഗീകരിക്കാൻ കഴിയാത്തതാണ്. കാരണം വളരെ പ്രധാനപ്പെട്ട മത്സരങ്ങളിലേക്കാണ് നാം ഇപ്പോൾ കടക്കുന്നത്. തീർച്ചയായും വ്യക്തിഗതമായി അദ്ദേഹം ബാധിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. ഇതുപോലെത്തെ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങളെക്കാൾ ടീമിന്റെ കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. ഇതൊന്നും പരസ്യമായി ന്യൂയർ പറയാൻ പാടില്ലായിരുന്നു. അത് അദ്ദേഹം ചെയ്തു കഴിഞ്ഞു ” ഇതാണ് ഒലിവർ ഖാൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഈ ജർമൻ ഗോൾകീപ്പർ പരിക്കിന്റെ പിടിയിലാണ്.പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ യാൻ സോമ്മറായിരിക്കും ബയേണിന്റെ ഗോൾ വല കാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!