തിരിച്ചെത്താൻ വേണ്ടി താൻ കഠിനാദ്ധ്വാനത്തിലാണെന്ന് നെയ്മർ
ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തിരിച്ചെത്തുമ്പോഴേക്കും തന്റെ കളി മികവും ഫിറ്റ്നസും വർധിപ്പിക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് താനെന്ന് പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. തന്റെ സ്വന്തം വെബ്സൈറ്റിൽ പുറത്തുവിട്ട കുറിപ്പിലൂടെയാണ് താൻ സാധാരണ ചെയ്യുന്നതിനേക്കാൾ കൂടുതൽ അധ്വാനവും പരിശീലനവും താൻ ചെയ്യുന്നുണ്ടെന്ന് നെയ്മർ വെളിപ്പെടുത്തിയത്. ഫുട്ബോളിനെ മിസ്സ് ചെയ്യുന്നുണ്ടെന്നും നെയ്മർ കൂട്ടിച്ചേർത്തു. നിലവിൽ ലീഗ് വൺ ഉപേക്ഷിച്ചതോടെ താരത്തിന് ഈയിടെ ഒന്നും കളത്തിലേക്ക് തിരിച്ചു വരാനാവില്ല. അത്കൊണ്ട് തന്നെ തിരിച്ചെത്തുമ്പോഴേക്കും ശാരീരികക്ഷമത നിലനിർത്താനുള്ള പരിശ്രമത്തിലാണ് താരം.
” ഞാൻ ക്ലബിൽ ആയിരുന്ന സമയത്ത് ഉള്ളതിനേക്കാളേറെ കഠിനാദ്ധ്വാനം ഇപ്പോൾ ഞാൻ ചെയ്യുന്നുണ്ട്. വിത്യസ്ത രീതികളിലും വിത്യസ്ത സമയങ്ങളിലുമാണ് ഇപ്പോൾ പരിശീലനം തുടരുന്നത്. മത്സരങ്ങളുടെ അഭാവം കാരണത്താൽ തന്നെ മറ്റുള്ള പ്രവർത്തനങ്ങളിലൂടെ ഫിറ്റ്നസ് നിലനിർത്താനുള്ള ശ്രമത്തിലാണിപ്പോൾ. ക്ലബ് എപ്പോഴാണ് തിരിച്ചു വരാൻ ആവശ്യപ്പെടുന്നത് അപ്പോഴേക്കും പൂർണ്ണസജ്ജനാവാൻ തന്നെയാണ് ഇപ്പോൾ തയ്യാറാവുന്നത്. എന്നെകൊണ്ട് സാധ്യമാവുന്ന ഏറ്റവും നല്ല നിലയിൽ തന്നെ ഞാൻ കളത്തിലേക്ക് തിരിച്ചെത്തും. തീർച്ചയായും ഞാൻ ഫുട്‍ബോളിനെ മിസ് ചെയ്യുന്നുണ്ട്. പക്ഷെ എന്റെ ട്രെയ്‌നറായ റിക്കാർഡോ റോസ കൃത്യമായ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. അതനുസരിച്ചാണിപ്പോൾ മുന്നോട്ട് പോവുന്നത് ” നെയ്മർ വെബ്സൈറ്റിൽ കുറിച്ചു.