ഇതിലും മികച്ച രീതിയിൽ കളിക്കാമായിരുന്നു, ടീമിന്റെ പ്രകടനത്തിൽ സംതൃപ്തിയാവാതെ കൂമാൻ പറയുന്നു !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആധിപത്യം പുലർത്താൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടും വേണ്ട വിധത്തിൽ ഉള്ള ഗോളുകൾ പിറന്നില്ല എന്നുള്ളത് ആരാധകർക്ക് നിരാശ പകരുന്ന കാര്യമാണ്. മാത്രമല്ല ഡൈനാമോ കീവും മികച്ച കളി തന്നെയാണ് കെട്ടഴിച്ചു വിട്ടത്. പെനാൽറ്റിയിലൂടെ ലയണൽ മെസ്സിയും ഹെഡറിലൂടെ ജെറാർഡ് പിക്വെയും നേടിയ ഗോളുകളാണ് എഫ്സി ബാഴ്സലോണക്ക് തുണയായത്. ഏതായാലും ടീമിന്റെ പ്രകടനത്തിൽ താൻ പൂർണ്ണസംതൃപ്തനല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കൂമാൻ. ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകൻ. ബാഴ്‌സ വിജയിച്ചതിൽ താൻ സന്തോഷവാനാണെന്നും എന്നാൽ ഇതിലും മികച്ച രീതിയിൽ ബാഴ്‌സക്ക് കളിക്കാമായിരുന്നു എന്നുമാണ് കൂമാൻ പറഞ്ഞത്. മൂന്ന് മത്സരങ്ങളും വിജയിക്കാനായത് പോസിറ്റീവ് ആയ കാര്യമാണെന്നും കൂമാൻ കൂട്ടിച്ചേർത്തു. ആദ്യ മത്സരത്തിൽ ഫെറെൻക്വെറോസിനെ 5-1ന് തകർത്ത ബാഴ്‌സ രണ്ടാം മത്സരത്തിൽ കരുത്തരായ യുവന്റസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തറപറ്റിച്ചിരുന്നു.

” മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വിജയിക്കുക എന്നുള്ളത് പോസിറ്റീവ് ആയ കാര്യമാണ്. പക്ഷെ ഞങ്ങൾക്ക് ഇതിലും മികച്ച രീതിയിൽ കളിക്കാമായിരുന്നു. ഇന്ന് ഞങ്ങൾ അത്ര നല്ല രീതിയിൽ ഒന്നുമല്ല കളിച്ചത്. കടുപ്പമേറിയ മത്സരം തന്നെയായിരുന്നു. മത്സരത്തിൽ മികച്ച തുടക്കമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഒരു ഗോൾ നേടിയതിന് പിന്നാലെ മികച്ച ഒരു അവസരം ലഭിക്കുകയും ചെയ്തു. പക്ഷെ പിന്നീട് പതിയെ പതിയെ ഞങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി. അവർ മികച്ച രീതിയിൽ കളിച്ചു. പക്ഷെ ഗോൾകീപ്പർ ടെർ സ്റ്റീഗൻ ഇന്ന് ഉജ്ജ്വലപ്രകടനമാണ് കാഴ്ച്ചവെച്ചത്. അദ്ദേഹം തിരിച്ചെത്തിയതിൽ ഞങ്ങൾ സന്തോഷവാൻമാരാണ്. തിരിച്ചു വരാൻ വേണ്ടി അദ്ദേഹം ഒരുപാട് കഠിനാദ്ധ്യാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ് അദ്ദേഹം കാണിച്ചു തന്നത്. കാരണം അദ്ദേഹം മഹത്തായ ഒരു ഗോൾകീപ്പറാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *