മെസ്സിയേയും റൊണാൾഡോയെയും നേരിട്ടിട്ടുണ്ട്, പക്ഷേ മെസ്സിയാണ് GOAT :ലംപാർഡ്
ദീർഘകാലം ചെൽസിക്ക് വേണ്ടി കളിച്ചിട്ടുള്ള ഇംഗ്ലീഷ് ഇതിഹാസമാണ് ഫ്രാങ്ക് ലംപാർഡ്. 2001 മുതൽ 2014 വരെയാണ് ഇദ്ദേഹം ചെൽസിയുടെ ഭാഗമായത്.പിന്നീട് കുറച്ചു കാലം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം ചെൽസിയുടെ പരിശീലകനായി കൊണ്ട് ലംപാർഡ് എത്തിയിരുന്നു.എന്നാൽ പരിശീലകൻ എന്ന നിലയിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കാതെ പോവുകയായിരുന്നു.
ഈയിടെ TNT സ്പോർട്സ് മെക്സിക്കോക്ക് നൽകിയ അഭിമുഖത്തിൽ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ കുറിച്ച് ലംപാർഡ് സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം മെസ്സിയാണ് എന്നാണ് ലംപാർഡ് പറഞ്ഞിട്ടുള്ളത്. ടാലെന്റിന്റെ അടിസ്ഥാനത്തിൽ എല്ലാവരെക്കാളും മുകളിൽ മെസ്സി വരുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.ലംപാർഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ രണ്ട് താരങ്ങൾക്കെതിരെയും ഞാൻ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ബാഴ്സലോണക്കെതിരെയുമായിരുന്നു ഞാൻ കളിച്ചിരുന്നത്. വ്യക്തിഗതമായും ടാലെന്റിന്റെ അടിസ്ഥാനത്തിലും ലയണൽ മെസ്സിയാണ് എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം “ഇതാണ് ചെൽസി ഇതിഹാസം പറഞ്ഞിട്ടുള്ളത്.
കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഉള്ളതെങ്കിലും മെസ്സിയും റൊണാൾഡോയും ഇപ്പോഴും തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 8 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ഈ സീസണിൽ അമേരിക്കൻ ലീഗിൽ 15 ഗോളുകളും 10 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.വരുന്ന ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടുപേരുടെയും പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് അവരുടെ ആരാധകർ ഉള്ളത്.