ബാലൺഡി’ഓർ റാങ്കിങ്ങിൽ വിനീഷ്യസ് മൂന്നാമത് മാത്രം: ലോതർ മത്തേയൂസ്!
അടുത്തമാസം 28ആം തീയതിയാണ് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഇപ്പോൾ കൽപ്പിക്കപ്പെടുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി അദ്ദേഹത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.ജൂഡ് ബെല്ലിങ്ങ്ഹാം,ഡാനി കാർവ്വഹൽ,ലൗറ്ററോ എന്നിവരൊക്കെ സജീവമായി രംഗത്തുണ്ട്. ഒരു കടുത്ത പോരാട്ടം തന്നെ നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജർമ്മൻ ഇതിഹാസമായ ലോതർ മത്തേയൂസ് ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.ബാലൺഡി’ഓർ റാങ്കിങ്ങിൽ വിനീഷ്യസ് അർഹിക്കുന്നത് മൂന്നാം സ്ഥാനം മാത്രമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റോഡ്രിയാണ് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരത്തിന് അർഹനെന്നും മത്തേയൂസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഗോൾ നേടുന്നവർക്കാണ് ഇവിടെ ഏറ്റവും കൂടുതൽ പരിഗണന ലഭിക്കുന്നത്.വിനീഷ്യസ് റയലിനോടൊപ്പം പ്രധാനപ്പെട്ട കിരീടങ്ങൾ നേടി.അതുകൊണ്ടുതന്നെ അദ്ദേഹം പുരസ്കാരം നേടിയാൽ അത് ന്യായീകരിക്കപ്പെടും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മൂന്നാം സ്ഥാനം മാത്രമാണ് വിനി അർഹിക്കുന്നത്. യഥാർത്ഥത്തിൽ ബാലൺഡി’ഓർ അർഹിക്കുന്നത് റോഡ്രിയാണ്.പ്രീമിയർ ലീഗിലും യൂറോ കപ്പിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. ഈ വർഷം എല്ലാവരെക്കാളും മുകളിൽ നിൽക്കുന്നത് റോഡ്രിയാണ്. ഒന്നാം സ്ഥാനം റോഡ്രിയും രണ്ടാം സ്ഥാനം ബെല്ലിങ്ങ്ഹാമുമാണ് അർഹിക്കുന്നത്. മൂന്നാം സ്ഥാനത്താണ് വിനി വരിക “ഇതാണ് ജർമൻ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ താരങ്ങൾക്കിടയിൽ ഒരു കനത്ത പോരാട്ടം നടക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ യൂറോ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് റോഡ്രിയായിരുന്നു. അതോടുകൂടിയാണ് അദ്ദേഹത്തിന് സാധ്യത വർദ്ധിച്ചത്. നിലവിൽ പരിക്ക് മൂലം പുറത്തായ റോഡ്രിക്ക് ഇനി ഈ സീസണിൽ കളിക്കാൻ കഴിയില്ല എന്നാണ് വ്യക്തമാകുന്നത്.