വമ്പൻ ക്ലബ്ബ് വിട്ട് ഏഷ്യയിലേക്ക് ചേക്കേറിയത് ശരിയായ തീരുമാനം തന്നെ : സൂപ്പർ താരം പറയുന്നു!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ട് ഏഷ്യയിലേക്ക് വന്നത്.ഇത് പലരിലും ഞെട്ടൽ ഉണ്ടാക്കിയിരുന്നു. സൗദി അറേബ്യൻ ക്ലബായ അൽ നസ്റായിരുന്നു റൊണാൾഡോയെ സ്വന്തമാക്കിയത്.എന്നാൽ ഇതിനു മുന്നേ തന്നെ ഇതുപോലെയൊരു ട്രാൻസ്ഫർ നടത്തിക്കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്ന താരമായിരുന്നു ആന്ദ്രേ ഇനിയേസ്റ്റ.2018-ൽ ബാഴ്സ വിട്ട് ഇനിയേസ്റ്റ ഏവരെയും ഞെട്ടിച്ചുകൊണ്ട് ജാപ്പനീസ് ക്ലബ്ബായ വിസൽ കോബേയിലേക്ക് ചേക്കേറുകയായിരുന്നു.
ഇപ്പോൾ ആ തീരുമാനത്തെക്കുറിച്ച് ഒരിക്കൽ കൂടി ഇനിയേസ്റ്റ സംസാരിച്ചിട്ടുണ്ട്. അതായത് ബാഴ്സ വിട്ടുകൊണ്ട് വിസൽ കോബെയിലേക്ക് പോവാൻ തീരുമാനിച്ചത് ശരിയായ തീരുമാനമായിരുന്നു എന്നാണ് ഇനിയേസ്റ്റ പറഞ്ഞിരുന്നത്. അത് ശരിയായിരുന്നു എന്നുള്ളത് പിന്നീട് സമയം തെളിയിച്ചുവെന്നും ഇനിയേസ്റ്റ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Iniesta: "Moving to Japan was the right decision. I had to take it. I was happy and convinced that it was the right moment. And time has, fortunately, shown me that I was correct. It was the right decision on a sporting level and on a family level."
— Barça Universal (@BarcaUniversal) January 13, 2023
” ബാഴ്സ വിട്ടുകൊണ്ട് ജപ്പാനിലേക്ക് പോവാൻ തീരുമാനിച്ചത് ശരിയായ തീരുമാനമായിരുന്നു. ഞാനത് എടുക്കുകയാണ് ചെയ്തത്. ഞാൻ ഹാപ്പിയായിരുന്നു. ശരിയായ സമയത്താണ് ആ തീരുമാനം എടുത്തത് എന്നുള്ളത് എനിക്ക് ബോധ്യപ്പെട്ടിരുന്നു. എന്റെ തീരുമാനം ശരിയായിരുന്നു എന്നുള്ളത് പിന്നീട് സമയം തെളിയിച്ചു. സ്പോർട്ടിംഗ് ലെവലിലും ഫാമിലി ലെവലിലും ഞാനെടുത്തത് ശരിയായ തീരുമാനമായിരുന്നു ” ഇതാണ് ഇനിയേസ്റ്റ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ ജാപ്പനീസ് ക്ലബ്ബുമായി 12 മാസത്തെ കരാറാണ് ഇനിയേസ്റ്റക്ക് അവശേഷിക്കുന്നത്. അതിനുശേഷം എന്ത് തീരുമാനമെടുക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ബാഴ്സക്ക് വേണ്ടി 600 അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഇതിഹാസമാണ് ഇനിയേസ്റ്റ.