മെസ്സി പിഎസ്ജിയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു,നെയ്മർക്ക്‌ പിന്നാലെ പ്രസ്താവനയുമായി പിഎസ്ജിയുടെ അർജന്റൈൻ താരം !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിന് ശേഷം സൂപ്പർ താരം നെയ്മർ ജൂനിയർ പറഞ്ഞ പ്രസ്താവന വളരെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അത്‌ അടുത്ത വർഷം സാധ്യമാവുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു നെയ്മർ പ്രസ്താവിച്ചത്. ഇതോടെ നെയ്മർ തിരികെ ബാഴ്സയിലേക്കോ അതോ മെസ്സി പിഎസ്ജിയിലേക്കോ എന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ നടക്കുന്നത്. ഏതായാലും ഇതിനിടെ മറ്റൊരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജിയുടെ അർജന്റൈൻ താരം ലിയാൻഡ്രോ പരേഡസ്. താരത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മെസ്സി പിഎസ്ജിയിലെത്താൻ തങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു എന്നാണ് മെസ്സിയുടെ സഹതാരം കൂടിയായ പരേഡസ് പറഞ്ഞത്. താരം മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

” ഞങ്ങൾക്ക്‌ എല്ലാവർക്കും മെസ്സി പിഎസ്ജിയിൽ എത്തണമെന്നാണ് ആഗ്രഹം. പക്ഷെ അത്‌ അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞങ്ങൾക്ക്‌ അസാമാന്യമായ ഒരു സ്‌ക്വാഡ് ഉണ്ട്. നല്ല താരങ്ങളുണ്ട്, നല്ല ആളുകളുണ്ട്. അദ്ദേഹത്തിന് ഏറ്റവും മികച്ചതായ തീരുമാനം അദ്ദേഹം തന്നെ കൈക്കൊള്ളുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ ഞങ്ങൾ അദ്ദേഹത്തെ തുറന്ന കൈകളോടെ സ്വീകരിക്കും ” പരേഡസ് പറഞ്ഞു. മെസ്സിയുടെ ട്രാൻസ്ഫറുകളെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. നെയ്മറുടെ പ്രസ്താവനയോടെ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. താരം ബാഴ്സയുമായി കരാർ പുതുക്കാത്തതിനാൽ ക്ലബ് വിടുമെന്നാണ് പലരുടെയും കണക്കുകൂട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *