അത്‌ വ്യാജം, സ്പാനിഷ് മാധ്യമത്തിന്റെ വാർത്തയെ നിരസിച്ച് മെസ്സിയുടെ പിതാവ് !

ഇന്ന് രാവിലെയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു വാർത്ത സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റോ പ്രസിദ്ധീകരിച്ചത്. മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ വാർത്ത. മെസ്സിയുടെ പിതാവ് പിഎസ്ജി അധികൃതരുമായി സംസാരിച്ചു എന്നായിരുന്നു ഇവർ റിപ്പോർട്ട്‌ ചെയ്തിരുന്നത്. കഴിഞ്ഞ ആഴ്ച്ച മെസ്സിയുടെ പിതാവായ ജോർഗെ മെസ്സി ജന്മനാടായ റൊസാരിയോയിൽ നിന്നും സ്വകാര്യവിമാനത്തിൽ ബാഴ്സലോണയിൽ എത്തുകയും തുടർന്ന് ഖത്തർ കോൺസുലേറ്റിൽ വെച്ച് ചില പിഎസ്ജി പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തു എന്നാണ് ഇവരുടെ റിപ്പോർട്ട്‌ പ്രതിപാദിച്ചിരുന്നത്. അതായത് മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത് എന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ ഈ വാർത്ത തീർത്തും നിരസിച്ചിരിക്കുകയാണ് മെസ്സിയുടെ പിതാവ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മെസ്സിയുടെ പിതാവ് ഈ വാർത്തയെ തള്ളികളഞ്ഞത്. ” വ്യാജം, ഞാൻ സെപ്റ്റംബർ മുതൽ അർജന്റീനയിലാണ് ” എന്നാണ് ഇദ്ദേഹം കുറിച്ചത്. മാത്രമല്ല ഈ വാർത്തയുടെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നിലവിൽ മെസ്സിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. നെയ്മർ ജൂനിയറുടെ പ്രസ്താവനയെ തുടർന്നായിരുന്നു മെസ്സി പിഎസ്ജിയിലേക്കെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചത്.മെസ്സി ബാഴ്‌സയിൽ തന്നെ തുടരുമോ അതോ ക്ലബ് വിടുമോ എന്നുള്ളത് ഇപ്പോഴും സ്ഥിരീകരിപ്പെടാത്ത കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *