വീണ്ടും എസി മിലാനിലേക്ക് വരാനുള്ള പ്രചോദനമെന്തെന്ന് വെളിപ്പെടുത്തി സ്ലാട്ടൻ !

കഴിഞ്ഞ ജനുവരിയിലായിരുന്നു സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എസി മിലാനിലേക്ക് തിരികെയെത്തിയത്. തുടർന്ന് മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ഫലമായി എസി മിലാന് കഴിഞ്ഞ സീസണിൽ ഒരല്പം മുന്നേറാനായി. ഈ സീസണിലും സ്ലാട്ടൻ എഫെക്ട് പ്രകടമാണ്. സിരി എയിൽ പത്ത് മത്സരങ്ങൾ പിന്നിട്ടപ്പോൾ 26 പോയിന്റുമായി എസി മിലാനാണ് പോയിന്റ് ടേബിളിൽ മുന്നിൽ. ഏതായാലും താരം തിരികെ എസി മിലാനിൽ വരാനുള്ള പ്രചോദനമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. എസി മിലാന്റെ അപ്പോഴത്തെ അവസ്ഥയായിരുന്നു തന്നെ ഇങ്ങോട്ട് എത്തിച്ചന്നും മിലാനെ മുന്നോട്ട് കൊണ്ടുവരിക എന്ന വെല്ലുവിളി ഏറ്റെടുക്കാനാണ് താൻ ഇവിടെ എത്തിയതെന്നും സ്ലാട്ടൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബിബിസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇബ്രാഹിമോവിച്ച് ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. നിലവിൽ ഫുട്ബോൾ നിർത്താൻ ഉദ്ദേശമില്ലെന്നും ഇതുവരെ മിലാന് ഒന്നും നേടാൻ കഴിയാത്തതിൽ താൻ അസ്വസ്ഥനാണെന്നും താരം കൂട്ടിച്ചേർത്തു.

” ഞാനിപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നിടത്തോളം കാലം ഞാൻ ഇങ്ങനെ തന്നെ പോയികൊണ്ടിരിക്കും. ശാരീരികപരമായുള്ള കരുത്ത് നിലനിർത്തുക എന്നത് മാത്രമാണ് ഞാൻ ഇപ്പോൾ ചെയ്യേണ്ടത്. ബാക്കിയൊക്കെ താനേ ശരിയായിക്കോളും. ഞങ്ങൾ നിലവിൽ അവിശ്വസനീയമായ ഫോമിലാണ്. ഞങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. പക്ഷെ ഇതുവരെ ഒന്നും നേടാൻ ഞങ്ങൾക്ക്‌ കഴിഞ്ഞിട്ടില്ല. അതിൽ ഞാൻ അസ്വസ്ഥനാണ്. ഞാൻ ആദ്യം മിലാനിലേക്ക് വന്നത് കിരീടങ്ങൾ നേടാൻ വേണ്ടിയായിരുന്നു. രണ്ടാമതായി ഞാൻ വരാൻ കാരണം ക്ലബ്ബിന്റെ അവസ്ഥകളാണ്. ക്ലബ്ബിന്റെ അപ്പോഴത്തെ സാഹചര്യം എന്നെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു. ആദ്യം എസി മിലാനെ എവിടെയായിരുന്നുവോ അവിടെക്ക്‌ എത്തിക്കാനാണ് ഞാൻ ഇവിടെ എത്തിയത്. രണ്ടും വ്യത്യസ്തമായ വെല്ലുവിളികൾ ആയിരുന്നു. അസാധ്യമായ ഒരു കാര്യമായിരുന്നു ഇതെല്ലാം. പക്ഷെ ഞാൻ അത്‌ സാധ്യമാക്കി കൊണ്ടിരിക്കുകയാണ് ” സ്ലാട്ടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *