കൊറോണ : റൊണാൾഡോ ഇറ്റലിയിലേക്കില്ല
കൊറോണ ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങി വരില്ലെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച്ചത്തെ പരിശീലനസെഷന് ശേഷം യുവന്റസ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം യുവന്റസ് പ്രതിരോധനിര താരം ഡാനിയൽ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റൊണാൾഡോ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
മാത്രമല്ല താരം സ്വയം ക്വാറന്റയിന് വിധേയമാകാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ജന്മനാടായ മദീരയിലാണ് താരം. ഇന്റർമിലാനുമായിട്ടുള്ള മത്സരത്തിന് ശേഷം താരം സ്വന്തം നാട്ടിലേക്ക് തിരിച്ചിരുന്നു. മാതാവിന്റെ അസുഖം മൂലമായിരുന്നു താരം പോർചുഗല്ലിലേക്ക് തിരിച്ചത്. എന്നാൽ കൊറോണ സ്ഥിരീകരിച്ച റുഗാനി ഇന്റർമിലാനെതിരെയുള്ള മത്സരത്തിൽ സ്‌ക്വാഡിനോടൊപ്പമുണ്ടായതിനാൽ എല്ലാ താരങ്ങളും ക്വാറന്റയിന് വിധേയമാവേണ്ടി വന്നേക്കും. മാത്രമല്ല ഇറ്റലിയിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമായതിനാൽ മദീരയിൽ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനം.