റോഡ്രി ബാലൺഡി’ഓർ നേടുന്നത് കാണാൻ ഹാലന്റെത്തിയില്ല, സംഭവിച്ചത് എന്ത്?
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരമായ റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്. റയൽ മാഡ്രിഡിന്റെ സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരെ പരാജയപ്പെടുത്തി കൊണ്ടാണ് റോഡ്രി ഈ പുരസ്കാരം സ്വന്തമാക്കിയത്.എന്നാൽ ഇക്കാര്യത്തിൽ വലിയ വിവാദങ്ങൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് പുകയുകയാണ്.
റോഡ്രിയേക്കാൾ വിനീഷ്യസ് ജൂനിയർ പുരസ്കാരം അർഹിച്ചിരുന്നു എന്നാണ് പലരും വാദിക്കുന്നത്. ഈ വിഷയത്തിൽ ഫുട്ബോൾ ലോകം ഇപ്പോൾ രണ്ട് തട്ടിലാണ് നിലകൊള്ളുന്നത്. ഇതിനിടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യമുണ്ട്.റോഡ്രി ബാലൺഡി’ഓർ പുരസ്കാരം നേടുന്നത് കാണാൻ മാഞ്ചസ്റ്റർ സിറ്റിയിലെ അദ്ദേഹത്തിന്റെ സഹതാരമായ ഹാലന്റ് ഉണ്ടായിരുന്നില്ല. ചടങ്ങിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നുവെങ്കിലും ഹാലന്റ് അതിൽ പങ്കെടുത്തിരുന്നില്ല.എന്നാൽ ഇതിന്റെ കാരണം മറ്റൊന്നാണ്.
സ്വീഡിഷ് ഫുട്ബോളിലെ കലാശ പോരാട്ടം കാണാൻ വേണ്ടി അദ്ദേഹം സ്വീഡനിലേക്ക് പോവുകയായിരുന്നു. അവിടെ മാൽമോയും ഗോട്ട്ബർഗും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ചു കൊണ്ട് കിരീടം ചൂടാൻ മാൽമോക്ക് സാധിച്ചിരുന്നു. ആ മത്സരത്തിൽ ഹാലന്റിന്റെ അടുത്ത സുഹൃത്തായ എറിക് ബോത്തെയ്മ് പങ്കെടുക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കാണാൻ വേണ്ടിയാണ് ഹാലന്റ് ബാലൺഡി’ഓർ ചടങ്ങ് ഒഴിവാക്കിക്കൊണ്ട് സ്വീഡനിലേക്ക് പോയത്.
ഇത്തവണത്തെ ബാലൺഡി’ഓർ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഹാലന്റ് ഫിനിഷ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ തവണ തലനാരിഴക്ക് ബാലൺഡി’ഓർ പുരസ്കാരം നഷ്ടമായ താരമാണ് ഹാലന്റ്. ലയണൽ മെസ്സിയായിരുന്നു കഴിഞ്ഞ തവണ നേടിയിരുന്നത്. കഴിഞ്ഞ സീസണലും ഈ സീസണലും ഒക്കെ മികച്ച പ്രകടനം നടത്താൻ ഹാലന്റിന് സാധിക്കുന്നുണ്ട്.