റോഡ്രി പോയതിന് പിന്നാലെ സമനില, പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ന്യൂകാസിൽ യുണൈറ്റഡാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. സിറ്റിക്ക് വേണ്ടി ഗ്വാർഡിയോൾ ഗോൾ നേടിയപ്പോൾ ന്യൂകാസിലിന്റെ സമനില ഗോൾ ആന്റണി ഗോൾഡനാണ് നേടിയിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ റോഡ്രിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ACL ഇഞ്ചുറി ആയതുകൊണ്ട് തന്നെ ഈ സീസണിൽ ഇനി അദ്ദേഹം കളിക്കാൻ സാധ്യത കുറവാണ്.ഇന്നലത്തെ മത്സരത്തിൽ അദ്ദേഹത്തിന്റെ അഭാവം ശരിക്കും സിറ്റി അറിഞ്ഞിരുന്നു.റോഡ്രി ഇല്ലാത്ത ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ടതുണ്ട് എന്നാണ് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“റോഡ്രി ഇപ്പോൾ ടീമിനോടൊപ്പം ഇല്ല എന്നത് വസ്തുതയാണ്.മധ്യനിരയിലെ ബാക്കി എല്ലാ താരങ്ങളും മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. പക്ഷേ റോഡ്രി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ഒരു പരിഹാരം ഞാൻ കണ്ടെത്തേണ്ടതുണ്ട്.മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് ഞങ്ങൾ നടത്തിയത്. മധ്യനിരയിൽ ഞങ്ങൾ തന്നെയായിരുന്നു കരുത്തർ.അവസരങ്ങളും ലഭിച്ചിരുന്നു.പക്ഷേ ചില സമയങ്ങളിൽ ഇങ്ങനെയൊക്കെ സംഭവിക്കും.ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ നേടാൻ സാധിക്കുമായിരുന്നു “ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിലെ രണ്ടാമത്തെ സമനിലയാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ വഴങ്ങിയിട്ടുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ അവർ രണ്ടാം സ്ഥാനത്താണ്. 6 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് നേടിയിട്ടുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.ആഴ്സണൽ മൂന്നാം സ്ഥാനത്തും ചെൽസി നാലാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്.