രണ്ടുതവണയും സിറ്റി പണി തന്നു, അടുത്ത സീസണിൽ എല്ലാം സ്വന്തമാക്കുമെന്ന് ഒഡേഗാർഡ്!
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.ഒരിക്കൽ കൂടി നിരാശപ്പെട്ട് മടങ്ങാനായിരുന്നു ആഴ്സണലിന്റെ വിധി. ഇന്നലത്തെ മത്സരത്തിൽ ആഴ്സണൽ വിജയിച്ചുവെങ്കിലും അത് മതിയാകുമായിരുന്നില്ല. മറുഭാഗത്ത് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു കൊണ്ട് കിരീടം സ്വന്തമാക്കുകയായിരുന്നു. രണ്ട് പോയിന്റിനാണ് ഇത്തവണ ആഴ്സണലിന് പ്രീമിയർ ലീഗ് നഷ്ടമായത്.
കഴിഞ്ഞ തവണ 5 പോയിന്റിനായിരുന്നു പ്രീമിയർ ലീഗ് നഷ്ടമായിരുന്നത്. കിരീടം നേടാൻ സാധിക്കാത്തതിൽ ആഴ്സണൽ ക്യാപ്റ്റനായ മാർട്ടിൻ ഒഡേഗാർഡ് നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്ക് തന്റെ താരങ്ങളിൽ അഭിമാനമുണ്ടെന്നും അടുത്ത സീസണിൽ എല്ലാ കിരീടങ്ങളും സ്വന്തമാക്കേണ്ടതുണ്ട് എന്നുമാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Martin Odegaard created 7 chances & registered 2 assists against Everton. No player managed more in the Premier League today.
— Statman Dave (@StatmanDave) May 19, 2024
Creative genius. 👑👑👑 pic.twitter.com/fZys1QtaPP
” കിരീടം നഷ്ടമായതിൽ ഞങ്ങൾ എല്ലാവരും ഇപ്പോൾ നിരാശയിലാണ്. ഒരുപാട് കാലമായി ഞങ്ങൾ ഇതിനുവേണ്ടി പോരാടുന്നു.കിരീടത്തിന്റെ തൊട്ടടുത്തെത്താൻ ഞങ്ങൾക്ക് സാധിച്ചു. അതേസമയം ഞാൻ എന്റെ താരങ്ങളിൽ വളരെയധികം അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ പുരോഗതിയിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഞാൻ വന്ന സമയത്തിൽ നിന്നും ഒരുപാട് മെച്ചപ്പെടാൻ ഞങ്ങളുടെ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ കിരീടത്തിലേക്ക് അടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇനി അടുത്തവർഷം പൂർവാധികം ശക്തിയോടുകൂടി ഞങ്ങൾക്ക് തിരിച്ചു വരേണ്ടതുണ്ട്. അടുത്ത സീസണിലെ എല്ലാ കിരീടങ്ങളും ഞങ്ങൾക്ക് സ്വന്തമാക്കണം “ഇതാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ എട്ടു ഗോളുകളും 10 അസിസ്റ്റുകളുമാണ് ഒഡേഗാർഡ് ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്.2003ലാണ് ആഴ്സണൽ അവസാനമായി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്.അതിനുശേഷം ഉള്ള അവരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.