മെസ്സിയില്ലാതെ കളിക്കുന്ന ബാഴ്സയുടെ അവസ്ഥയാണ് റോഡ്രിയില്ലാത്ത സിറ്റിക്ക്: പെപ്
വളരെ മോശം അവസ്ഥയിലൂടെയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും അവർ തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.പെപ്പിന്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള ഒരു അനുഭവം നേരിടേണ്ടി വരുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ടോട്ടൻഹാമിനോട് സിറ്റി പരാജയപ്പെട്ടിട്ടുള്ളത്.
ബാലൺഡി’ഓർ ജേതാവായ റോഡ്രിയുടെ അഭാവം സിറ്റിക്ക് ഇപ്പോൾ തിരിച്ചടിയാണ്. ഇക്കാര്യം പരിശീലകനായ പെപ് ഗാർഡിയോള പറയുകയും ചെയ്തിട്ടുണ്ട്.മെസ്സിയുമായി താരതമ്യപെടുത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മെസ്സിയില്ലാതെ കളിക്കുന്ന ബാഴ്സയുടെ അവസ്ഥയാണ് റോഡ്രിയില്ലാത്ത സിറ്റിക്ക് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പെപ് പറഞ്ഞത് ഇപ്രകാരമാണ്.
” ഞങ്ങൾ ഇപ്പോൾ റോഡ്രി ഇല്ലാതെയാണ് കളിക്കുന്നത്.ഞങ്ങൾ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. ലോകത്തെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്. ബാഴ്സലോണയിലെ ഞങ്ങളുടെ ആ കാലഘട്ടം ഓർത്തു നോക്കൂ. അന്ന് ഞങ്ങളുടെ ഏറ്റവും മികച്ച താരം മെസ്സിയായിരുന്നു. അന്ന് മെസ്സി ഇല്ലാതെ ഒരു സീസൺ മുഴുവനും ഞങ്ങൾ കളിച്ചിരുന്നുവെങ്കിൽ ട്രിബിൾ നേടാൻ സാധിക്കുമായിരുന്നില്ല. അതുതന്നെയാണ് ഇവിടെ റോഡ്രിയുടെ കാര്യത്തിലും സംഭവിക്കുന്നത് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിന് മുന്നോടിയായി റോഡ്രിയെ മാഞ്ചസ്റ്റർ സിറ്റി ആദരിക്കുകയും ചെയ്തിരുന്നു.നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ഇന്നത്തെ മത്സരത്തിൽ ലിവർപൂൾ വിജയിച്ചു കഴിഞ്ഞാൽ അവർ എട്ടു പോയിന്റിന്റെ ലീഡ് കരസ്ഥമാക്കും. അതേസമയം അടുത്ത മത്സരത്തിൽ സിറ്റിയും ലിവർപൂളും തമ്മിലാണ് ഏറ്റുമുട്ടുക.