മാഞ്ചസ്റ്ററിനെ ഉയർത്തെഴുന്നേൽപ്പിച്ച് കാസമിറോ, വീണ്ടുമൊരു കിരീടം!

ഇന്നലെ കരബാവോ കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ വിജയം നേടിക്കൊണ്ട് കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.കാസമിറോ ഒരു ഗോൾ സ്വന്തമാക്കിയപ്പോൾ രണ്ടാമത്തെ ഗോൾ സെൽഫ് ഗോളായി കൊണ്ടാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് കാസമിറോയാണ്. അതിൽ അത്ഭുതമൊന്നുമില്ല. അവസാനമായി റയൽ മാഡ്രിഡിനൊപ്പം ഫൈനൽ കളിച്ചപ്പോൾ അവിടെയും മികച്ച താരത്തിനുള്ള പുരസ്കാരം കാസമിറോക്ക് തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസിവ് മിഡ്ഫീൽഡർ, ഈ സീസണിലെ ഏറ്റവും മികച്ച സൈനിംഗ് എന്നിവയൊക്കെയാണ് ഇപ്പോൾ കാസമിറോയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ഈ സീസണിലായിരുന്നു കാസമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.യുണൈറ്റഡിന്റെ ഏറ്റവും വലിയ പോരായ്മ ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ഇല്ല എന്നുള്ളതായിരുന്നു.അത് കാസമിറോ നികത്തിയതോടുകൂടി കാര്യങ്ങൾ മെച്ചപ്പെട്ടു.യുണൈറ്റഡിന്റെ ഇപ്പോഴത്തെ തകർപ്പൻ പ്രകടനത്തിൽ വലിയൊരു പങ്കുവഹിക്കുന്നത് ഈ ബ്രസീലിയൻ സൂപ്പർതാരമാണ്.

ക്ലബ്ബ് തലത്തിൽ ആകെ 14 ഫൈനലുകളാണ് കാസമിറോ കളിച്ചിട്ടുള്ളത്. അതിൽ 13 എണ്ണത്തിലും വിജയം നേടിക്കൊണ്ട് കിരീടം നേടാൻ കാസമിറോക്ക് സാധിച്ചിട്ടുണ്ട്. 92% ആണ് അദ്ദേഹത്തിന്റെ വിൻ റേറ്റ്. മാത്രമല്ല സീനിയർ കരിയറിൽ ആകെ 21 കിരീടങ്ങൾ നേടാനും കാസമിറോക്ക് സാധിച്ചിട്ടുണ്ട്.ലോക ഫുട്ബോളിൽ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് കാസമിറോ.ഏതായാലും വലിയ പ്രതീക്ഷകളാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇപ്പോൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!