ബലിയാടാക്കുന്നുവെന്ന പരാമർശം,സാഞ്ചോക്കെതിരെ നടപടിയെടുക്കാൻ യുണൈറ്റഡ്!

കഴിഞ്ഞ ആഴ്സണലിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്‌ക്വാഡിൽ ഇടം നേടാൻ സൂപ്പർ താരം ജേഡൻ സാഞ്ചോക്ക് സാധിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയത് എന്ന ചോദ്യം ടെൻ ഹാഗിനോട് ചോദിക്കപ്പെട്ടിരുന്നു.പരിശീലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടാണ് അദ്ദേഹത്തെ മാറ്റി നിർത്തിയത് എന്നായിരുന്നു ടെൻ ഹാഗിന്റെ വിശദീകരണം. ട്രെയിനിങ്ങിന് വൈകിയെത്തുന്ന ഒരു പതിവ് ഉള്ള വ്യക്തിയാണ് സാഞ്ചോ. മാഞ്ചസ്റ്റർ സിറ്റിയിലും ബൊറൂസിയയിലും ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ യുണൈറ്റഡ് പരിശീലനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് സാഞ്ചോ ഇറക്കിയിരുന്നു.നല്ല രൂപത്തിലാണ് കഴിഞ്ഞ ആഴ്ച താൻ പരിശീലനം നടത്തിയതെന്നും മറ്റു പല കാരണങ്ങൾ കൊണ്ടുമാണ് പരിശീലകൻ തന്നെ പുറത്താക്കിയത് എന്നുമായിരുന്നു സാഞ്ചോ ആരോപിച്ചിരുന്നത്. എപ്പോഴും തന്നെ ബലിയാടാക്കുന്നുവെന്നും സാഞ്ചോ അറിയിച്ചിരുന്നു. ഇത് ഇംഗ്ലീഷ് ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

പരിശീലകനെ പരസ്യമായി വിമർശിച്ച സാഞ്ചോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നേക്കും. താരത്തെ ഇനിയും ടീമിൽ നിന്ന് മാറ്റി നിർത്താൻ തന്നെയാണ് സാധ്യത. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അച്ചടക്കത്തിന്റെ കാര്യത്തിൽ വളരെയധികം കർക്കശക്കാരനാണ് ടെൻ ഹാഗ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇദ്ദേഹത്തെ പരസ്യമായി വിമർശിച്ചിരുന്നു.തുടർന്ന് റൊണാൾഡോയുടെ കോൺട്രാക്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് റദ്ദാക്കുകയായിരുന്നു.

ടീമിന്റെ മീറ്റിങ്ങിന് വൈകി എത്തിയതിന്റെ കാരണത്താൽ റാഷ്ഫോർഡിനെ ഒരുതവണ ടെൻ ഹാഗ് പുറത്തിരുത്തിയിട്ടുണ്ട്.മാത്രമല്ല മോശം പ്രകടനത്തിന്റെ ഫലമായി ഹാരി മഗ്വയ്റിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ടെൻ ഹാഗ് എടുത്ത് മാറ്റുകയും ചെയ്തിരുന്നു.ഇത്തരത്തിലുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്ന വ്യക്തിയാണ് ടെൻ ഹാഗ്. ഏതായാലും ടെൻ ഹാഗിന് ഈ സീസണിൽ ഒരു മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിൽ 2 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനോടകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞു.മറ്റു മത്സരങ്ങളിലെ പ്രകടനവും ആശാവഹമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *