ഫിനിഷഡ് റൊണാൾഡോ?? അവസാന സീസണിലെ റെക്കോർഡുകൾ അമ്പരപ്പിക്കുന്നത് !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് ചേക്കേറിയതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം.അടുത്തമാസം 38 വയസ്സ് പൂർത്തിയാവുന്ന റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഉള്ളത്. പക്ഷേ അദ്ദേഹത്തിന്റെ പ്രകടന മികവ് പൂർണമായും അവസാനിച്ചുവെന്ന് പല വിമർശകരും ഉയർത്തിക്കാട്ടുന്ന കാര്യമാണ്. റൊണാൾഡോ ഫിനിഷിഡ് ആയി എന്നാണ് പലരും ആരോപിക്കുന്നത്.

പക്ഷേ ഒരു കാരണവശാലും റൊണാൾഡോയെ എഴുതിത്തള്ളാൻ കഴിയില്ല എന്നുള്ളത് തന്നെയാണ് കണക്കുകൾ തെളിയിക്കുന്നത്.അതിനുള്ള ഉദാഹരണം കഴിഞ്ഞ സീസണിൽ അദ്ദേഹം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി പുറത്തെടുത്ത പ്രകടനം തന്നെയാണ്. 18 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് കഴിഞ്ഞ സീസണിൽ റൊണാൾഡോ യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ മാത്രമായി നേടിയിരുന്നത്.

റൊണാൾഡോയുടെ കഴിഞ്ഞ സീസണിലെ റെക്കോർഡുകൾ നമുക്കൊന്ന് പരിശോധിക്കാം.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരം റൊണാൾഡോ ആണ്.മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരവും റൊണാൾഡോ തന്നെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയതും ക്രിസ്റ്റ്യാനോ തന്നെയായിരുന്നു.

യുണൈറ്റഡിനു വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ ഓഫ് ദി സീസൺ പുരസ്കാരവും റൊണാൾഡോക്ക് തന്നെയായിരുന്നു. പ്രീമിയർ ലീഗ് ടീം ഓഫ് ഇയറിൽ റൊണാൾഡോ ഇടം കണ്ടെത്തുകയും ചെയ്തിരുന്നു.

അതായത് ഈ പ്രായത്തിലും പ്രീമിയർ ലീഗ് പോലെയുള്ള ഒരു ലീഗിൽ ഉയർന്ന ലെവലിലുള്ള പ്രകടനം കഴിഞ്ഞ സീസണിൽ പുറത്തെടുത്ത റൊണാൾഡോ ഇനി കളിക്കാൻ പോകുന്നത് സൗദി അറേബ്യൻ ലീഗിലാണ്. അതാണ് ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യം.റൊണാൾഡോക്ക് ഇപ്പോഴും യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലും ചാമ്പ്യൻസ് ലീഗിലും കളിക്കാനുള്ള ബാല്യമുണ്ട് എന്നുള്ളത് കഴിഞ്ഞ സീസണിലെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ റൊണാൾഡോ ഫിനിഷഡായി എന്ന് പറയാൻ കഴിയില്ല. പക്ഷേ അൽ നസ്റിലേക്ക് പോയത് കരിയറിലെ ഒരു തിരിഞ്ഞുനടത്തം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *