പ്രീമിയർ ലീഗ് ആരംഭിക്കുന്നു, പദ്ധതികൾ ഇങ്ങനെ
കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച പ്രീമിയർ ലീഗ് പുനരാംഭിക്കാൻ പദ്ധതികളൊരുക്കി അധികൃതർ. പരിശീലനവും ലീഗ് മത്സരങ്ങളും കിരീടധാരണവും അടുത്ത സീസണിനുള്ള മുന്നൊരുക്കങ്ങളുമെല്ലാം തന്നെ അധികൃതർ മുൻകൂട്ടി തീരുമാനിച്ചു വെച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻനിര മാധ്യമമായ ദി ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് പന്ത്രണ്ടിനായിരുന്നു പ്രീമിയർ ലീഗ് നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ മാസത്തോടെ തന്നെ ലീഗ് പുനരാരംഭിക്കാനുള്ള എല്ലാ നടപടികളും അധികൃതർ തുടങ്ങികഴിഞ്ഞു.
കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചതോടെ ലീഗിൽ ട്രെനിങ് തുടങ്ങിയ ആദ്യടീമായി മാറാൻ ആഴ്സണലിന് കഴിഞ്ഞു. താരങ്ങൾ എല്ലാം തന്നെ ഓരോരുത്തരായാണ് പരിശീലനം ചെയ്തത്. മെയ് ഒന്നിന് പ്രീമിയർ ലീഗ് ഷെയർഹോൾഡേഴ്സിന്റെ ഒരു യോഗം വിളിച്ചുചേർത്തിട്ടുണ്ട്. താരങ്ങളുടെ കരാറുകളെ കുറിച്ചൊക്കെ ഈ യോഗത്തിൽ ചർച്ചചെയ്തേക്കും. മെയ് ഏഴിന് ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചേക്കും. മെയ് പതിനെട്ടോടെ എല്ലാ ടീമുകളും പൂർണമായി പരിശീലനം ആരംഭിക്കും. ജൂൺ എട്ടിന് പ്രീമിയർ ലീഗ് ആരംഭിക്കും. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ, 92 മത്സരങ്ങൾ,എട്ട് ആഴ്ച്ചയിൽ വീതമായി നടക്കും.
എല്ലാ സ്റ്റേഡിയങ്ങളും മത്സരത്തിന് അനുവദിച്ചേക്കില്ല. മാത്രമല്ല സ്റ്റേഡിയത്തിൽ ആകെ മുന്നൂറ് പേർക്ക് മാത്രമേ പ്രവേശിക്കാൻ അനുമതി ഉണ്ടാവുകയൊള്ളൂ. ജൂലൈ 27 ന് ലീഗ് അവസാനിക്കും എന്നാണ് കണക്കുകൂട്ടുന്നത്. കിരീടധാരണവും അന്ന് നടന്നേക്കും. ഓഗസ്റ്റിൽ ഒരു ആഴ്ച്ച മാത്രമേ താരങ്ങൾക്ക് അവധി ലഭിക്കുകയൊള്ളൂ. അപ്പോഴേക്കും അടുത്ത സീസണിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങും. മാത്രമല്ല ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവ ഓഗസ്റ്റിൽ നടക്കും. സെപ്റ്റംബർ പന്ത്രണ്ടിന് പുതിയ സീസൺ ആരംഭിച്ചേക്കും. അതിന് മുന്നോടിയായി ട്രാൻസ്ഫർ വിൻഡോകൾ സജീവമാകുകയും ചെയ്യും ഇങ്ങനെയാണ് ലീഗ് അധികൃതർ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.