പ്രീമിയർ ലീഗിൽ മെസ്സി തിളങ്ങില്ലേ?സലാ പറയുന്നു!
സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ചത് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലാണ്. പല നേട്ടങ്ങളും മെസ്സി കൈപ്പിടിയിൽ ഒതുക്കിയത് ബാഴ്സയിൽ വെച്ചുകൊണ്ടാണ്. പിന്നീട് രണ്ടു വർഷക്കാലം മെസ്സി പിഎസ്ജിക്ക് വേണ്ടി കളിച്ചു. ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയുടെ താരമാണ് മെസ്സി.ഇനി യൂറോപ്പിലേക്ക് തിരിച്ചു വരില്ല എന്ന് മെസ്സി തന്നെ പ്രഖ്യാപിച്ചിരുന്നു.ഇന്റർമയാമിയിൽ തന്നെ വെച്ചുകൊണ്ട് വിരമിക്കാനാണ് മെസ്സിയുടെ പദ്ധതി.
ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ലീഗായി കൊണ്ട് പലരും പരിഗണിക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് മെസ്സി കളിച്ചിരുന്നുവെങ്കിൽ ഇത്രയും നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിക്കുമായിരുന്നില്ല എന്ന് പലരും അദ്ദേഹത്തെ വിമർശിക്കാറുണ്ട്. എന്നാൽ ഈ വാദങ്ങളോട് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലാക്ക് യോജിപ്പില്ല.എവിടെ കളിച്ചാലും മെസ്സിക്ക് തിളങ്ങാനാകും എന്നാണ് സലായുടെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകളെ TNT സ്പോർട്സ് അർജന്റീന റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” പ്രീമിയർ ലീഗിൽ കളിച്ചാലും മെസ്സിക്ക് തിളങ്ങാൻ കഴിയും. കാരണം നമ്മൾ സംസാരിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച താരത്തെ കുറിച്ചാണ്. എവിടെപ്പോയാലും മെസ്സിക്ക് തന്റെ ഫുട്ബോൾ കളിക്കാൻ കഴിയും. കാരണം അത്രയും ദിവ്യമായ ഒരു പ്രതിഭയാണ് അദ്ദേഹത്തിനുള്ളത് ” ഇതാണ് ലിവർപൂൾ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ മികച്ച കണക്കുകൾ അവകാശപ്പെടാൻ സാധിക്കുന്ന താരമാണ് മെസ്സി. പ്രീമിയർ ലീഗിലെ ബിഗ് സിക്സ് ക്ലബ്ബുകൾക്കെതിരെ ആകെ 35 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 27 ഗോളുകളും ആറ് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.ആഴ്സണലിനെതിരെ 9 ഗോളുകളും സിറ്റിക്കെതിരെ 7 ഗോളുകളും നേടിയിട്ടുള്ള താരമാണ് മെസ്സി.