പോഗ്ബക്ക് വമ്പൻ ഓഫർ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്!

ഈ സീസണോട് കൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. താരം ഇതുവരെ കരാർ പുതുക്കിയിട്ടില്ല.ഈ ജനുവരി മുതൽ മറ്റേത് ക്ലബുമായും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനുള്ള അവസരവും പോഗ്ബക്കുണ്ട്. പിഎസ്ജി, യുവന്റസ്, റയൽ മാഡ്രിഡ്‌ എന്നിവരൊക്കെ മുമ്പ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാൽ താരത്തെ നിലനിർത്താനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. അത്കൊണ്ട് തന്നെ പോഗ്ബക്ക് ഒരു വമ്പൻ ഓഫർ യുണൈറ്റഡ് വാഗ്ദാനം ചെയ്തു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.5 ലക്ഷം പൗണ്ടാണ് ഒരു ആഴ്ച്ചയിലെ വേതനമായി കൊണ്ട് യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. എന്നാൽ ഈ ഓഫർ സ്വീകരിക്കണോ തള്ളികളയണോ എന്നുള്ളത് ഇത് വരെ പോഗ്ബ തീരുമാനിച്ചിട്ടില്ല. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പക്ഷേ യുണൈറ്റഡിന് താരത്തെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. പോഗ്ബയുടെ ഏജന്റായ മിനോ റയോള ചില ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളും സജീവമാണ്.ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പോഗ്ബയെ വിൽക്കാനുള്ള അവസരം ഉണ്ടെങ്കിലും യുണൈറ്റഡ് അത് ഉപയോഗപ്പെടുത്തിയിട്ടില്ല. താരം കരാർ പുതുക്കുമെന്ന് തന്നെയാണ് യുണൈറ്റഡ് വിശ്വസിക്കുന്നത്.

ഇനി താരം ക്ലബ് വിടുകയാണെങ്കിൽ പകരക്കാരെയും യുണൈറ്റഡ് കണ്ടുവെച്ചിട്ടുണ്ട്.വെസ്റ്റ് ഹാമിന്റെ ഡെക്ലാൻ റൈസ്, വോൾവ്‌സിന്റെ റൂബൻ നെവസ് എന്നിവർക്കാണ് യുണൈറ്റഡ് മുൻഗണന നൽകുന്നത്. ഏതായാലും പോഗ്ബ ഏത് രൂപത്തിലുള്ള തീരുമാനമെടുക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!