ഞങ്ങളിപ്പോഴും ലിവർപൂളാണ് : ട്രാൻസ്ഫറിന്റെ കാര്യത്തിൽ ആശങ്കകളില്ലെന്ന് ക്ലോപ്!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ ഒരല്പം ബുദ്ധിമുട്ടേറിയതാണ്. തുടക്കത്തിൽ ഒരുപാട് പരാജയങ്ങൾ ലിവർപൂളിന് ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ ഇപ്പോൾ വിജയപാതയിലേക്ക് തിരിച്ചെത്താൻ ലിവർപൂളിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കുമോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാതിരുന്നാൽ, വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർതാരങ്ങൾ ക്ലബ്ബിലേക്ക് വരാൻ തയ്യാറാകുമോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലകൊള്ളുന്നുണ്ട്.എന്നാൽ ഈ വിഷയത്തിൽ ലിവർപൂളിന്റെ പരിശീലകനായ ക്ലോപിന് ആശങ്കകൾ ഒന്നുമില്ല. ലിവർപൂൾ ഇപ്പോഴും ലിവർപൂൾ തന്നെയാണെന്നും താരങ്ങളെ ആകർഷിക്കാൻ സാധിക്കുമെന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അടുത്ത ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾ ഉണ്ടാകുമോ എന്നുള്ള കാര്യത്തിൽ ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പു പറയാൻ കഴിയില്ല.പക്ഷേ കിരീടങ്ങൾക്ക് വേണ്ടിയും ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് വേണ്ടിയും ഞങ്ങൾ പോരാടുക തന്നെ ചെയ്യും.ഇതിനുമുമ്പ് ഞങ്ങൾ എങ്ങനെയായിരുന്നുവോ അതുപോലെതന്നെയാണ് ഇപ്പോഴും ഉള്ളത്. ഇതൊരു ഫന്റാസ്റ്റിക് ആയിട്ടുള്ള ക്ലബ് ആണ്. അടുത്തവർഷം ഞങ്ങൾ കൂടുതൽ മികവിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.ഞങ്ങൾക്ക് ഒരുപാട് നല്ല താരങ്ങളെ ആകർഷിക്കാൻ സാധിക്കും.താരങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് യാതൊരുവിധ ആശങ്കകളും ഇല്ല. തീർച്ചയായും ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാതിരിക്കുക എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഞങ്ങൾ പരമാവധി ശ്രമിക്കും “ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടുകൊണ്ട് അവർ നേരത്തെ പുറത്തായിരുന്നു.എന്നിരുന്നാലും അവസാനമായി കളിച്ച ആറുമത്സരങ്ങളിലും വിജയം നേടാൻ കഴിഞ്ഞു എന്നുള്ളത് ലിവർപൂളിന് ആശ്വാസം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!