ഗോൾ നേടി ജീസസ്, ചെന്നായക്കൂട്ടത്തെ തരിപ്പണമാക്കി കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയും തുടങ്ങി !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി വോൾവ്‌സിനെ തകർത്തു വിട്ടത്. വോൾവ്‌സിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ കെവിൻ ഡിബ്രൂയിനാണ് സിറ്റിയെ വിജയം നേടാൻ സഹായിച്ചത്. ഫിൽ ഫോഡൻ, ഗബ്രിയേൽ ജീസസ് എന്നിവർ ശേഷിച്ച ഗോളുകൾ നേടി. മറുഭാഗത്ത് റൗൾ ജിമിനെസാണ് വോൾവ്‌സിന്റെ ആശ്വാസഗോൾ നേടിയത്. ആദ്യ മത്സരം തന്നെ വിജയിച്ചു കൊണ്ട് തുടങ്ങാൻ പെപ്പിനും സംഘത്തിനും കഴിഞ്ഞു. അതേ സമയം വോൾവ്‌സിന്റെ രണ്ടാം മത്സരമായിരുന്നു. ആദ്യ മത്സരത്തിൽ അവർ വിജയം സ്വന്തമാക്കിയിരുന്നു. നിലവിൽ ആറു പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച ഫ്രീകിക്ക് ഡിബ്രൂയിൻ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഗോൾകീപ്പർ പാട്രിഷിയോ തടുക്കുകയായിരുന്നു. എന്നാൽ അധികം വൈകിയില്ല. സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഡിബ്രൂയിൻ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. അവിടം കൊണ്ടും തീർന്നില്ല. മുപ്പത്തിരണ്ടാം മിനുട്ടിൽ സിറ്റി ലീഡുയർത്തി. റഹീം സ്റ്റെർലിങ്ങിന്റെ അളന്നു മുറിച്ച പാസിൽ നിന്ന് ഫിൽ ഫോഡൻ വോൾവ്‌സ് പ്രതിരോധനിരക്കാർക്ക് ഒരവസരവും നൽകാതെ ഫിനിഷ് ചെയ്യുകയായിരുന്നു. ആദ്യ പകുതിയിൽ ഈ രണ്ട് ഗോളിന്റെ ലീഡിൽ സിറ്റി കളം വിട്ടു. എന്നാൽ 78-ആം മിനിറ്റിൽ ഡാനിയലിന്റെ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെ റൗൾ ജിമിനെസ് ഗോൾ നേടി കൊണ്ട് പ്രതീക്ഷകൾ നിലനിർത്തി.എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം നിൽക്കെ ജീസസ് സിറ്റിക്ക് ജയമുറപ്പാക്കി കൊടുത്തു. ഡിബ്രൂയിന്റെ പാസ് സ്വീകരിച്ച ജീസസ് തൊടുത്ത ഷോട്ട് എതിർതാരത്തിന്റെ കാലിൽ തട്ടി ഗോളായി മാറുകയായിരുന്നു. ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി ലീഗ് ആരംഭിക്കാൻ സിറ്റിക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *