എൻസോ ഫെർണാണ്ടസിന് സ്ഥാനക്കയറ്റം? സൂചനയുമായി ചെൽസി പരിശീലകൻ!
കഴിഞ്ഞ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. മത്സരത്തിൽ ചെൽസിയുടെ ക്യാപ്റ്റനായിരുന്നത് റീസ് ജെയിംസായിരുന്നു. അദ്ദേഹം കയറിയ സമയത്ത് ക്യാപ്റ്റന്റെ ആം ബാൻഡ് എൻസോ ഫെർണാണ്ടസിന് നൽകുകയായിരുന്നു. അതായത് ആ മത്സരത്തിലെ വൈസ് ക്യാപ്റ്റൻ എൻസോ ആയിരുന്നു എന്നർത്ഥം.
ചെൽസിയുടെ വൈസ് ക്യാപ്റ്റൻ എൻസോയാണെന്ന കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ ചെൽസിയുടെ പരിശീലകനായ എൻസോ മരെസ്ക്ക അതുമായി ബന്ധപ്പെട്ട ഒരു സൂചന നൽകിയിട്ടുണ്ട്.എൻസോക്ക് ബാൻഡ് നൽകിയതിലൂടെ നിങ്ങൾക്ക് കാര്യം വ്യക്തമായിട്ടുണ്ടാകും എന്നാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് എൻസോ ഫെർണാണ്ടസ്.റീസ് ജെയിംസ് കളം വിടുന്ന സമയത്ത് ക്യാപ്റ്റന്റെ ആം ബാൻഡ് എൻസോക്ക് കൈമാറിയിരുന്നു. അദ്ദേഹം എത്രത്തോളം പ്രധാനപ്പെട്ട താരമാണ് എന്നുള്ളതിന്റെ തെളിവ് കൂടിയാണ് ഇത്.അക്കാര്യത്തിൽ നിങ്ങൾക്ക് വ്യക്തത വന്നു എന്ന് ഞാൻ കരുതുന്നു “ഇതാണ് ചെൽസിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വരുന്ന സീസണിൽ ചെൽസിയുടെ വൈസ് ക്യാപ്റ്റൻ എൻസോ ആയിരിക്കുമെന്നുള്ള റിപ്പോർട്ടുകൾ പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സമീപകാലത്ത് റേസിസവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അകപ്പെട്ട താരമാണ് എൻസോ. ചെൽസി താരങ്ങൾ പോലും ഇക്കാര്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചെൽസിയിലേക്ക് മടങ്ങിയെത്തിയ എൻസോ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം പരിഹരിക്കുകയും ചെയ്തിരുന്നു.