എംബപ്പേയെയും ബെല്ലിങ്‌ഹാമിനേയും സൈൻ ചെയ്യുമോ? പൈസയുണ്ടാവുമോ എടുക്കാനെന്ന് ടെൻ ഹാഗ്!
തങ്ങളുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഇപ്പോൾ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ യുണൈറ്റഡ് ഉള്ളത്. 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റാണ് യുണൈറ്റഡിന് ഉള്ളത്.
ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗിനോട് യുണൈറ്റഡിന്റെ ഒരു കുട്ടി ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഓട്ടോഗ്രാഫിന് വേണ്ടി സമീപിച്ച സമയത്തായിരുന്നു ഈ ആരാധകന്റെ ചോദ്യം വന്നത്. അതായത് സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പേയെയും ജൂഡ് ബെല്ലിങ്‌ഹാമിനെയും സൈൻ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ഈ ആരാധകന്റെ ചോദ്യം. വളരെ രസകരമായ രൂപത്തിലാണ് യുണൈറ്റഡ് പരിശീലകൻ അതിനു മറുപടി പറഞ്ഞത്.
Erik ten Hag to these Manchester United fans who asked him to sign Bellingham and Mbappe 😂
— ESPN FC (@ESPNFC) January 7, 2023
(via astarfootballmemorabilia/TikTok) pic.twitter.com/zcHT234k2R
തീർച്ചയായും എംബപ്പേയെയും ബെല്ലിങ്‌ഹാമിനെയും സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നായിരുന്നു ടെൻ ഹാഗ് പറഞ്ഞിരുന്നത്. കൂടാതെ ഒരു മറുചോദ്യം ആരാധകനോട് തമാശ രൂപേണ ടെൻ ഹാഗ് ചോദിക്കുകയും ചെയ്തു. ഈ രണ്ടു താരങ്ങളെയും സൈൻ ചെയ്യാൻ വേണ്ടി എന്തെങ്കിലും പൈസ തരാൻ ഉണ്ടാവുമോ എന്നായിരുന്നു ടെൻ ഹാഗ് ചോദിച്ചിരുന്നത്. ഇത് ചുറ്റും കൂടിയവരിൽ ചിരി പടർത്തുകയും ചെയ്തിരുന്നു.
ഏതായാലും യുണൈറ്റഡ് ചില താരങ്ങൾക്ക് വേണ്ടിയൊക്കെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികം ഒരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വലിയ സൈനിങ്ങുകൾ ഉണ്ടാവാൻ സാധ്യതയില്ല. പക്ഷേ റൊണാൾഡോയുടെ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ യുണൈറ്റഡിന് ആവശ്യമുണ്ട്.