ആലിസണിന്റെ അഭാവം മുതലെടുത്തു, ലിവർപൂളിനെ ഗോൾമഴയിൽ മുക്കി ആസ്റ്റൺ വില്ല !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ നാണംകെടുത്തി വിട്ട് ആസ്റ്റൺ വില്ല. ആലിസണിന്റെ അഭാവം മുതലെടുത്ത വില്ല റെഡ്‌സിനെ ഗോൾമഴയിൽ മുക്കുകയായിരുന്നു. ഏഴ് ഗോളുകളാണ് ആസ്റ്റൺ വില്ല ലിവർപൂളിന്റെ വലയിൽ അടിച്ചു കയറ്റിയത്. സൂപ്പർ താരങ്ങളായ ആലിസൺ, മാനെ, തിയാഗോ എന്നിവരുടെ അഭാവം ലിവർപൂളിനെ ബാധിക്കുകയായിരുന്നു. 7-2 എന്ന സ്കോറിനാണ് ലിവർപൂൾ നാണം കെട്ടത്. രണ്ട് ഗോളും മൂന്നു അസിസ്റ്റും നേടിയ സൂപ്പർ താരം ജാക്ക് ഗ്രീലിഷാണ് ലിവർപൂളിനെ തരിപ്പണമാക്കാൻ വില്ലയെ സഹായിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയിച്ച് വില്ല പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി. അതേ സമയം ലിവർപൂൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ലിവർപൂൾ ഗോൾകീപ്പർ അഡ്രിയാന്റെ പിഴവിൽ നിന്ന് വില്ല താരം ഒല്ലി വാറ്റ്കിൻസ് ഗോൾനേടുകയായിരുന്നു. തുടർന്ന് 22-ആം മിനിറ്റിൽ ഗ്രീലീഷിന്റെ പാസിൽ നിന്ന് വാറ്റ്കിൻസ് വീണ്ടും ഗോൾനേടുകയായിരുന്നു. എന്നാൽ 33-ആം മിനിറ്റിൽ സലായുടെ ഗോളിലൂടെ ലിവർപൂൾ തിരിച്ചു വരുമെന്ന് തോന്നിച്ചുവെങ്കിലും 35-ആം മിനിറ്റിൽ ജോണും 39-ആം മിനിറ്റിൽ വാറ്റ്കിൻസും ഗോൾ നേടിയതോടെ ലിവർപൂളിന്റെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി. 55-ആം മിനുട്ടിൽ റോസ് ബാർക്ലി വില്ലയുടെ ലീഡുയർത്തി. എന്നാൽ അറുപതാം മിനിറ്റിൽ ഫിർമിഞ്ഞോയുടെ പാസിൽ നിന്ന് സലാ ഗോൾ നേടിയെങ്കിലും 66-ആം മിനിട്ടിലും 75-ആം മിനിട്ടിലും ജാക്ക് ഗ്രീലിഷ് ഗോൾ നേടിയതോട് കൂടി ലിവർപൂളിന്റെ പതനം പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *