ആരാധകർക്ക് ജേഴ്സികൾ നൽകാൻ CR7 ചിലവഴിക്കുന്നത് വൻ തുക : വെളിപ്പെടുത്തലുമായി മുൻ സഹതാരം!

പല മത്സരങ്ങൾക്ക് ശേഷവും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ജേഴ്സികൾ ആരാധകർക്ക് കൈമാറാറുണ്ട്. ജേഴ്‌സിക്ക് വേണ്ടി കളത്തിലെത്തുന്നവരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശരാക്കി വിടാറില്ല. എന്നാൽ ഇങ്ങനെ ജേഴ്സി കൈമാറുന്നതിലൂടെ ഒരു വലിയ തുക തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചിലവ് വരുന്നുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മുൻ സഹതാരമായിരുന്ന ബെൻ ഫോസ്റ്റർ.അതായത് സമ്മാനിക്കുന്ന ജേഴ്സികളുടെ തുക താരം ക്ലബ്ബിന് നൽകേണ്ടതുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇങ്ങനെ 77000 പൗണ്ടോളം ക്രിസ്റ്റ്യാനോക്ക് ചിലവ് വന്നിട്ടുണ്ടാകുമെന്നും ഇദ്ദേഹം കണക്ക് കൂട്ടിയിട്ടുണ്ട്. ഫോസ്റ്ററുടെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പല മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ജേഴ്‌സികൾ നൽകാറുണ്ട്. പക്ഷെ ഇവിടെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അതായത് ഈ ജേഴ്‌സിയുടെ തുക താരങ്ങൾ ക്ലബ്ബിന് നൽകേണ്ടതുണ്ട്.ക്രിസ്റ്റ്യാനോയെ സംബന്ധിച്ചെടുത്തോളം ഇതൊന്നും അദ്ദേഹത്തെ ഒരുനിലക്കും ബാധിക്കാൻ പോകുന്നില്ല എന്നറിയാം. പക്ഷെ നമുക്ക് ആ കണക്കുകൾ ഒന്നു നോക്കാം “.

” ക്രിസ്റ്റ്യാനോ 1100 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനും രണ്ടുവീതം ജേഴ്‌സികളാണ് ലഭിക്കുക.എല്ലാ മത്സരങ്ങളിലെ എല്ലാ ജേഴ്സികളും ക്രിസ്റ്റ്യാനോ നൽകി എന്നൊന്നും ഞാൻ പറയുന്നില്ല.പക്ഷെ അദ്ദേഹം ഓരോന്ന് വീതമെങ്കിലും നൽകിയിട്ടുണ്ടാകും.അങ്ങനെ 1100 ജേഴ്സികൾ ക്രിസ്റ്റ്യാനോ നൽകി എന്ന് നമുക്ക് സങ്കൽപ്പിക്കാം. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു ജേഴ്സിക്ക് 100 പൗണ്ടാണ് വില വരുന്നത്. പക്ഷെ മുമ്പ് കുറവായിരുന്നു. അത്കൊണ്ട് തന്നെ നമുക്ക് ശരാശരിഒരു 70 പൗണ്ട് വെച്ച് കൂട്ടാം. അങ്ങനെയാണ് എന്നുണ്ടെങ്കിൽ 1100 ജേഴ്‌സികൾ കൈമാറുന്നതിലൂടെ 77000 പൗണ്ടോളം ക്രിസ്റ്റ്യാനോക്ക് ചിലവ് വന്നിട്ടുണ്ടാവും.എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അമ്പരപ്പിക്കുന്ന കണക്ക് തന്നെയാണ് ” ഫോസ്റ്റർ പറഞ്ഞു.

ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തുകയല്ല. പക്ഷെ ഫുട്ബോൾ ലോകത്തിന് കൗതുകകരമായ ഒരു കാര്യമാണ് ഫോസ്റ്റർ ഇതിലൂടെ പങ്കുവെച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!