ആദ്യ മൂന്നിലെങ്കിലും എത്തണം,അതിനാണ് ഞാനിവിടെ ഉള്ളത് : ക്രിസ്റ്റ്യാനോ

നിലവിൽ ഒരു മോശം സമയത്തിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പ്രീമിയർ ലീഗിലെ പോയിന്റ് ടേബിളിലെ ഏഴാം സ്ഥാനക്കാരാണ് യുണൈറ്റഡ്.ആദ്യ നാലിലെങ്കിലും ഫിനിഷ് ചെയ്യുക എന്നുള്ളതാണ് നിലവിൽ യുണൈറ്റഡിന്റെ ലക്ഷ്യം. അതേസമയം സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ 14 ഗോളുകളുമായി ഈ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്കോററാണ്.

ഏതായാലും യുണൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥകളെക്കുറിച്ച് ക്രിസ്റ്റ്യാനോ തന്റെ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അതായത് ആദ്യ മൂന്നിലെങ്കിലും യുണൈറ്റഡ് ഫിനിഷ് ചെയ്യണമെന്നും അതിന് താഴേക്ക് പോകുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നുമാണ് റൊണാൾഡോ അറിയിച്ചിരിക്കുന്നത്.ആറോ ഏഴോ സ്ഥാനത്തിന് വേണ്ടി പോരാടാനല്ല,മറിച്ച് വിജയങ്ങൾക്കും കിരീടങ്ങൾക്കും വേണ്ടിയാണ് താനിവിടെ ഉള്ളതെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുകയോ രണ്ടോ മൂന്നോ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുകയും വേണം.അതിന് താഴേക്ക് ഞാനൊരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാണുന്നില്ല.ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് വേണ്ടിയല്ലാത്ത ഒരു മെന്റാലിറ്റിയെ എനിക്കൊരിക്കലും അംഗീകരിക്കാനാവില്ല.കാര്യങ്ങൾ മാറ്റാൻ ഞങ്ങൾക്ക് കഴിയും. പക്ഷെ അതിനുള്ള ഒരു കൃത്യമായ മാർഗ്ഗം എനിക്കറിയില്ല. കാരണം ഞാനൊരു താരമാണ്, അല്ലാതെ പരിശീലകനോ പ്രസിഡന്റോ അല്ല.വഴികൾ അറിയാം, പക്ഷേ അതിവിടെ പങ്കു വെക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് പറയാനാവുന്ന കാര്യം ഞങ്ങൾ നിയന്ത്രണത്തിലാണ് എന്നുള്ളതാണ്. നല്ല രൂപത്തിൽ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയും.ആറോ ഏഴോ സ്ഥാനത്തിന് വേണ്ടി പോരാടാനല്ല ഞാൻ ഇവിടെയുള്ളത്.മറിച്ച് വിജയങ്ങൾ നേടാനും കിരീടങ്ങൾ സ്വന്തമാക്കാനുമാണ്. ഞങ്ങൾക്കതിനു സാധിക്കും, പക്ഷേ ഞങ്ങളുടെ ബെസ്റ്റ് ലെവലിൽ അല്ല ഞങ്ങളിപ്പോൾ ഉള്ളത്.ഒരുപാട് ഇമ്പ്രൂവ് ആവാനുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ മനസിനെ മാറ്റാൻ കഴിഞ്ഞാൽ ഒരുപാട് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിക്കും ” ക്രിസ്റ്റ്യാനോ പറഞ്ഞു.

ഇനി ആസ്റ്റൺ വില്ലക്കെതിരെയാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക. ഈ വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 11 മണിക്കാണ് ഈ മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!