രണ്ട് സൂപ്പർ താരങ്ങൾ കളിക്കില്ല? നിർണായക മത്സരത്തിനു മുന്നേ ഇന്റർമയാമിക്ക് ആശങ്ക!
എംഎൽഎസിന്റെ പ്ലേ ഓഫ് മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ പാദ മത്സരത്തിൽ ഇന്റർമയാമി അറ്റ്ലാന്റ യുണൈറ്റഡിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.എന്നാൽ രണ്ടാം പാദ മത്സരത്തിൽ ഇതേ സ്കോറിന് ഇന്റർമയാമി പരാജയപ്പെടുകയായിരുന്നു. ഇതോടെ സമനിലയിൽ കലാശിച്ചു. അതുകൊണ്ടുതന്നെ ഒരു മത്സരം കൂടി ഈ രണ്ട് ടീമുകളും തമ്മിൽ കളിക്കുന്നുണ്ട്. നാളെയാണ് ഇന്റർമയാമിയും അറ്റ്ലാന്റ യുണൈറ്റഡും തമ്മിലുള്ള മത്സരം നടക്കുക.
ഇന്റർമയാമിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. നാളെ രാവിലെ ഇന്ത്യൻ സമയം 6:30നാണ് ഈ മത്സരം നടക്കുക.ലയണൽ മെസ്സിയും ലൂയിസ് സുവാരസുമൊക്കെ ഈ മത്സരത്തിൽ കളിച്ചേക്കും.എന്നാൽ മറ്റു രണ്ട് പ്രധാനപ്പെട്ട താരങ്ങളുടെ കാര്യത്തിൽ ഇന്റർമയാമിക്ക് ആശങ്കയുണ്ട്. അതിൽ ഒരാൾ സെർജിയോ ബുസ്ക്കെറ്റ്സ് തന്നെയാണ്.
താരം ഇപ്പോൾ അസുഖത്തിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിൽ ബുസ്ക്കെറ്റ്സ് കളിച്ചിരുന്നില്ല.അത് അവർക്ക് വലിയ തിരിച്ചടി ഏൽപ്പിച്ചിരുന്നു. പരിശീലകനായ ടാറ്റ മാർട്ടിനോ തന്നെ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. നാളത്തെ മത്സരത്തിൽ ബുസ്ക്കെറ്റ്സ് കളിക്കുമോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. മറ്റൊരു താരം യാനിക്ക് ബ്രയിറ്റാണ്. ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ തന്നെയാണ് ഇദ്ദേഹവും കളിക്കുന്നത്. എന്നാൽ ഈ താരത്തിനും മത്സരം നഷ്ടമാകും എന്നുള്ള കാര്യം പരിശീലകൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വീക്കിൽ ബുസ്ക്കെറ്റ്സ് ട്രെയിനിങ് ഒന്നും നടത്തിയിട്ടില്ല.അതുകൊണ്ടുതന്നെ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ മയാമിക്ക് കാര്യങ്ങൾ കൂടുതൽ വഷളാകും. നാളത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമാണ് ഇന്റർമയാമിക്ക് മുന്നോട്ട് പോവാൻ സാധിക്കുക. നേരത്തെ ഷീൽഡ് കിരീടം സ്വന്തമാക്കിയത് ഇന്റർമയാമി തന്നെയായിരുന്നു.