ബാലൺഡി’ഓർ നേടുന്നത് ആരുമായിക്കോട്ടെ,മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം:മാർട്ടിനോ!
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ ചടങ്ങ് നടക്കുക. പതിവുപോലെ പാരീസിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ സെറിമണി അരങ്ങേറുന്നത്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ബാലൺഡി’ഓർ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ റോഡ്രിക്ക് സാധ്യത കൽപ്പിക്കുന്നവരും ഫുട്ബോൾ ലോകത്തുണ്ട്.
ഈ ബാലൺഡി’ഓറിനെ കുറിച്ച് ഇന്റർമയാമിയുടെ അർജന്റൈൻ പരിശീലകനായ ടാറ്റ മാർട്ടിനോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബാലൺഡി’ഓർ വിനിക്ക് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബാലൺഡി’ഓർ ആര് നേടിയാലും തന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച താരം ഇപ്പോഴും മെസ്സിയാണ് എന്നും മാർട്ടിനോ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാൻ വലിയ ശ്രദ്ധയൊന്നും നൽകാത്ത ഒന്നാണ് ബാലൺഡി’ഓർ. ഇത് ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡാണോ അതല്ല കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡാണോ എന്നുള്ളതൊന്നും വ്യക്തമല്ല. ഒരുപക്ഷേ ഈ അവാർഡ് വിനീഷ്യസ് ജൂനിയർ നേടിയേക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് ” ഇതാണ് ഇന്റർമയാമിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇപ്പോഴും ഗംഭീര പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്. പക്ഷേ മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാധ്യതകളും അവസാനിച്ചിട്ടുണ്ട്. ഇത്തവണത്തെ അമേരിക്കൻ ലീഗിൽ 19 മത്സരങ്ങൾ കളിച്ച മെസ്സി 20 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ ഷീൽഡ് കിരീടവും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.