മെസ്സിയെ നേരിടാൻ ക്രിസ്റ്റ്യാനോയെ പരിശീലിപ്പിക്കുക പ്രശസ്ത അർജന്റൈൻ കോച്ച്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടുകൂടി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന്റെ പേരും പ്രശസ്തിയും വർദ്ധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റൊരു സുവർണ്ണാവസരവും ഫുട്ബോൾ ആരാധകരെ തേടിയെത്തിയിരുന്നു. അതായത് ഒരിക്കൽ കൂടി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഖാമുഖം വരുന്ന ഒരു മത്സരം കാണാനുള്ള ഭാഗ്യമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഒരുപക്ഷേ ഇരുവരും നേർക്കുനേർ വരുന്ന അവസാനത്തെ മത്സരമാവാനും സാധ്യതയുണ്ട്.

അതായത് നേരത്തെ തന്നെ പിഎസ്ജിയും സൗദി അറേബ്യയിലെ ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള ഒരു ഫ്രണ്ട്‌ലി മത്സരം നിശ്ചയിച്ചിരുന്നു.ജനുവരി 19 ആം തീയതിയാണ് ഈ മത്സരം നടക്കുക. കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുക.

സൗദിയിലെ പ്രധാന ക്ലബ്ബുകളായ അൽ നസ്സ്ർ,അൽ ഹിലാൽ ക്ലബ്ബുകളിലെ സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇലവനാണ് പിഎസ്ജിക്കെതിരെ അണിനിരക്കുക. ഈ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമെന്നും പിഎസ്ജി നിരയിൽ ലയണൽ മെസ്സി ഉണ്ടാകുമെന്നുമാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏതായാലും ഈ ഓൾ സ്റ്റാർ ഇലവന്റെ പരിശീലകനായി കൊണ്ട് ഇപ്പോൾ നിയമിക്കപ്പെട്ടിട്ടുള്ളത് പ്രശസ്ത അർജന്റീന പരിശീലകനായ മാഴ്സെലോ ഗല്ലാർഡോയാണ്. ഈ ഒരു മത്സരത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം സൗദിയിൽ പരിശീലക വേഷം അണിയുക. ഒരുപാട് കാലം റിവർ പ്ലേറ്റിനെ പരിശീലിപ്പിച്ച ഇദ്ദേഹം ഇപ്പോൾ ഫ്രീ ഏജന്റ് ആണ്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിനു വേണ്ടി പരിശീലിപ്പിക്കുക മാഴ്സെലോ ഗല്ലാർഡോയായിരിക്കും.

ഏതായാലും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽ കൂടി ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം ആയിരിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *