മെസ്സിയും നെയ്മറും പോയത് പ്രശ്നമില്ല, കൂടുതൽ വരുമാനം പ്രതീക്ഷിച്ച് ലീഗ് വൺ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിക്ക് അവരുടെ രണ്ട് സുപ്രധാന താരങ്ങളെ നഷ്ടമായത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കാണ് പോയതെങ്കിൽ നെയ്മർ ജൂനിയർ പോയത് സൗദി ക്ലബ്ബായ അൽ ഹിലാലിലേക്കാണ്. മെസ്സിയുടെയും നെയ്മറുടെയും പോക്ക് പിഎസ്ജിക്ക് മാത്രമല്ല,ഫ്രഞ്ച് ലീഗിന് തന്നെ വളരെയധികം ക്ഷീണം ചെയ്യുന്ന ഒന്നാണ്.

പക്ഷേ മെസ്സിയും നെയ്മറും പോയത് ലീഗ് വൺ അധികൃതർ കാര്യമാക്കുന്നില്ല.കൂടുതൽ വരുമാനം അവർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. അതായത് ടെലിവിഷൻ റൈറ്റ്സിന്റെ ടെണ്ടറിൽ ഒരു വർഷത്തേക്ക് ആയിരം മില്യൺ യൂറോയാണ് ലീഗ് വൺ അധികൃതർ പ്രതീക്ഷിക്കുന്നത്.നിലവിൽ ഉള്ളതിനേക്കാൾ 40% അധികം വരുമാനം ഇവർ പ്രതീക്ഷിക്കുന്നുണ്ട്.

2024 മുതൽ 2029 വരെയുള്ള കാലയളവിലേക്കുള്ള ടെലിവിഷൻ റൈറ്റ്സ് ടെണ്ടറാണ് ഇപ്പോൾ വിളിച്ചു ചേർത്തിരിക്കുന്നത്. മെസ്സിയും നെയ്മറും ഇല്ലാത്ത ഈയൊരു സാഹചര്യത്തിൽ ഇത്രയും വലിയ തുക ടെലിവിഷൻ റൈറ്റ്സ് വിറ്റു പോകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. മെസ്സിയും നെയ്മറും ലീഗ് വിട്ടത് തിരിച്ചടിയാണെന്നും എന്നാൽ അവരെ ആശ്രയിച്ചല്ല ലീഗ് നിലനിൽക്കുന്നത് എന്നുമുള്ള ഒരു പ്രസ്താവന ഇതുമായി ബന്ധപ്പെട്ടു കൊണ്ട് LFP പ്രസിഡന്റ് നടത്തുകയും ചെയ്തിരുന്നു.

ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കുറവ് ടെലിവിഷൻ വരുമാനം ലഭിക്കുന്നത് ലീഗ് വണ്ണിനാണ്. 700 മില്യൺ യൂറോ ആണ് ഒരു വർഷം ഫ്രഞ്ച് ലീഗിന് ലഭിക്കുന്നത്. ഇറ്റലിക്ക് 1123 മില്യൺ യൂറോയും ജർമ്മനിക്ക് 1460 മില്യൺ യൂറോയും ലാലിഗക്ക് 2049 യൂറോയുമാണ് ടെലിവിഷൻ വരുമാനമായി കൊണ്ട് ലഭിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒരു വർഷം ഇതിലൂടെ സമ്പാദിക്കുന്നത് 3518 മില്യൺ യൂറോയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!