പിഎസ്ജി ഉടമസ്ഥർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്, സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത് വമ്പൻ ക്ലബ്ബിനെ!

2011ലായിരുന്നു ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ ഏറ്റെടുക്കുന്നത്. അതിനുശേഷമാണ് പിഎസ്ജിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചത്.ഫുട്ബോൾ ലോകത്തെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നായി മാറാൻ പിഎസ്ജിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ,സെർജിയോ റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം ഇപ്പോൾ പിഎസ്ജിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

പിഎസ്ജിയുടെ ഉടമസ്ഥരായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ഇനി കൂടുതൽ ക്ലബ്ബുകളെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി കൊണ്ട് പോർച്ചുഗീസ് ക്ലബ്ബായ SC ബ്രാഗയുടെ ഒരു ഓഹരി ഇവർ സ്വന്തമാക്കിയിരുന്നു. 90 മില്യൺ പൗണ്ട് നൽകി കൊണ്ടാണ് ഈ പോർച്ചുഗീസ് ക്ലബ്ബിന്റെ 22 ശതമാനം ഓഹരി അവർ സ്വന്തമാക്കിയിരുന്നത്.

ഇപ്പോഴിതാ പ്രീമിയർ ലീഗിലേക്ക് കൂടി തങ്ങളുടെ പ്രവർത്തന മേഖല വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി ഉടമസ്ഥർ ഉള്ളത്. വമ്പൻമാരായ ടോട്ടൻഹാമിനെയാണ് ഇവർ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത്.ടോട്ടൻഹാമിന്റെ 25 ശതമാനം ഓഹരിക്ക് 1 ബില്യൺ പൗണ്ടിൽ താഴെയുള്ള ഒരു തുക ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

പിഎസ്ജി പ്രസിഡണ്ടായ നാസർ അൽ ഖലീഫിയും ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവിയും വളരെയധികം അടുത്ത സുഹൃത്തുക്കളാണ്. രണ്ടുപേരും കഴിഞ്ഞ ആഴ്ച ലണ്ടനിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ അതേ പാത പിന്തുടരാനാണ് ഇപ്പോൾ പിഎസ്ജി ഉടമസ്ഥർ ഉദ്ദേശിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് പുറമേ ന്യൂയോർക്ക് സിറ്റി,മെൽബൻ സിറ്റി,ജിറോണ,മുംബൈ സിറ്റി,യൊക്കോഹോമ തുടങ്ങിയ ഫുട്ബോൾ ക്ലബ്ബുകളൊക്കെ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *