The King Is Back : റാമോസിന്റെ വരവിനെ കുറിച്ച് എംബപ്പേ!

റയൽ മാഡ്രിഡ് ഇതിഹാസമായ സെർജിയോ റാമോസ് ലാലിഗയിൽ തന്നെ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ സെവിയ്യയാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. 18 വർഷത്തിന് ശേഷമാണ് അദ്ദേഹം സെവിയ്യയിൽ തിരിച്ചെത്തുന്നത്. സൗദി അറേബ്യയിൽ നിന്നും തുർക്കിയിൽ നിന്നുമൊക്കെ റാമോസിന് ഓഫറുകൾ ഉണ്ടായിരുന്നു. അതൊക്കെ നിരസിച്ചു കൊണ്ടാണ് അദ്ദേഹം സെവിയ്യയിലേക്ക് വരാൻ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ട് വർഷക്കാലം പിഎസ്ജിക്ക് വേണ്ടിയായിരുന്നു സെർജിയോ റാമോസ് കളിച്ചിരുന്നത്.പരിക്കു മൂലം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. ഇതുകൊണ്ടാണ് പിഎസ്ജി അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ വിസമ്മതിച്ചത്. രണ്ടു വർഷക്കാലം കിലിയൻ എംബപ്പേയും റാമോസും സുഹൃത്തുക്കളായിരുന്നു. ഇപ്പോഴിതാ റാമോസുമായി ബന്ധപ്പെട്ട ഒരു സന്ദേശം എംബപ്പേ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.

സെവിയ്യ റാമോസിനെ അനൗൺസ് ചെയ്യുന്നതാണ് ഇദ്ദേഹം ഷെയർ ചെയ്തിട്ടുള്ളത്.” എല്ലാവിധ ആശംസകളും സുഹൃത്തേ,ദി കിംഗ് ഈസ് ബാക്ക് ” എന്നാണ് എംബപ്പേ കുറിച്ചിരിക്കുന്നത്.സെർജിയോ റാമോസിന്റെ സെവിയ്യയിലേക്കുള്ള തിരിച്ചുവരവ് കൊണ്ടാടുകയാണ് എംബപ്പേ ഇതിലൂടെ ചെയ്തിട്ടുള്ളത്.എംബപ്പേയും സെർജിയോ റാമോസും അത്രയേറെ അടുത്ത സുഹൃത്തുക്കളാണ്.

അതേസമയം എംബപ്പേയുടെ ഭാവിയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വങ്ങൾ തുടരുന്നുണ്ട്. അദ്ദേഹം ഈ സീസണിൽ പാരിസിൽ തന്നെയാണ് തുടരുക.പക്ഷേ അടുത്ത സീസണിൽ എവിടെ കളിക്കും എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് അടുത്ത സീസണിലും എംബപ്പേയേ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയേക്കും. അങ്ങനെയാണെങ്കിൽ എംബപ്പേയും റാമോസും ഏറ്റുമുട്ടുന്നത് ഫുട്ബോൾ ലോകത്തിന് കാണാൻ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *