സിദാന്റെ പുതിയ തുറുപ്പുചീട്ടായി മാറി വിനീഷ്യസ്, കണക്കുകൾ ഇങ്ങനെ

ഈ സീസണിന്റെ തുടക്കത്തിൽ അത്ര മികച്ച പ്രകടനം നടത്താനാവാതെ പോയ താരമായിരുന്നു വിനീഷ്യസ് ജൂനിയർ. ഫലമായി ഒത്തിരി വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. കളിക്കളത്തിൽ അധ്വാനിക്കുന്നുണ്ടെങ്കിലും ഫിനിഷിങ്ങിൽ താരം ഒരുപാട് പിറകിലായിരുന്നു. ഫലമായി താരത്തിന് ചില അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് കോവിഡ് പ്രതിസന്ധി മൂലം ലാലിഗ മത്സരങ്ങൾ നിർത്തി വെച്ചപ്പോൾ താരത്തിന് ആവിശ്യമായ സമയം ലഭിക്കുകയായിരുന്നു. പ്രമുഖബ്രസീലിയൻ പരിശീലകന് കീഴിൽ താരം ഹാർഡ് വർക്ക്‌ ചെയ്യുന്നതിന്റെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിശീലനമുറകളോട് സാമ്യമുള്ള പരിശീലനങ്ങൾ തന്നെയായിരുന്നു താരവും അഭ്യസിച്ചിരിക്കുന്നത്.

അവസാനമായി വിനീഷ്യസ് ജൂനിയർ റയലിനായി കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ പങ്കാളിത്തമാണ് താരത്തിന്റെ സംഭാവന. ലാലിഗ പുനരാരംഭിച്ചതിന് ശേഷം രണ്ട് മത്സരങ്ങളിലും അതിന് മുൻപ് അഞ്ച് മത്സരങ്ങളിലുമായാണ് താരം അഞ്ച് ഗോൾ പങ്കാളിത്തം കണ്ടെത്തിയിട്ടുള്ളത്. മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായാണ് അദ്ദേഹം കഴിഞ്ഞു ഏഴ് മത്സരങ്ങളിൽ റയലിനെ സഹായിച്ചിട്ടുള്ളത്. ഈ സീസണിൽ താരം ആകെ ഇരുപത്തിമൂന്ന് മത്സരങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും താരം ആകെ നേടിയ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും പിറന്നത് അവസാനഏഴ് മത്സരങ്ങളിലാണ്. അതിനർത്ഥം ഈയിടെയായി താരം തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയതായും സിദാൻ താരത്തിന് കൂടുതൽ സമയം അനുവദിക്കുന്നതായും കാണാം. പ്രത്യേകിച്ച് അവസാനരണ്ട് മത്സരങ്ങളിൽ ഏറെ കയ്യടി നേടുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചിട്ടുണ്ട്. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ നാല്പത് ശതമാനം മിനിറ്റുകളിൽ കളിച്ച താരം എട്ട് ശതമാനം ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. ഏതായാലും താരത്തിന്റെ സമീപകാലത്തേ പ്രകടനം സിദാന് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ഫിനിഷിങ്ങിലെ ചില പോരായ്മകൾ കൂടി പരിഹരിച്ചാൽ റയൽ മാഡ്രിഡിന് താരത്തിന്റെ പൊസിഷനിൽ വേറെ താരത്തെ അന്വേഷിക്കേണ്ടി വരില്ല.

Leave a Reply

Your email address will not be published. Required fields are marked *