വിമർശനങ്ങൾ തന്റെ ചിന്തകളെ മാറ്റില്ല, പരിശീലകനായ ശേഷമുള്ള ഏറ്റവും മോശം സമയമിത് : സിദാൻ !

സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് റയൽ മാഡ്രിഡ്‌ കടന്നു പോവുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. റയലിനെ സംബന്ധിച്ചെടുത്തോളം വളരെ പരിതാപകരമായ അവസ്ഥയിലാണ് അവർ ഉള്ളത്. അവസാനമായി കളിച്ച പതിനൊന്ന് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും റയൽ മാഡ്രിഡ്‌ തോൽവി അറിയുകയായിരുന്നു. അവസാനഅഞ്ച് മത്സരങ്ങളിൽ കേവലം ഒന്നിൽ മാത്രം വിജയിച്ച റയൽ ചാമ്പ്യൻസ് ലീഗിൽ പുറത്താവലിന്റെ വക്കിലാണ്. അതിനാൽ തന്നെ പരിശീലകൻ സിദാന് നേരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വിമർശനങ്ങൾ സ്വാഭാവികമാണെന്നും അത്‌ താൻ കാര്യമാക്കുന്നില്ല എന്നുമാണ് സിദാൻ പറഞ്ഞത്. പരിശീലകനായ ശേഷയുള്ള ഏറ്റവും മോശം സമയമാണ് ഇതെന്നും എന്നാൽ മുന്നോട്ട് പോവാനാണ് തീരുമാനമെന്നും സിദാൻ കൂട്ടിച്ചേർത്തു. സെവിയ്യക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാൻ.

” എന്നെ ഒരിക്കലും തൊടാൻ കഴിയാത്ത ആളാണ് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. തീർച്ചയായും ബുദ്ധിമുട്ടേറിയ സമയങ്ങളുണ്ടാവും. പക്ഷെ ഇതിന് പരിഹാരം കണ്ടെത്താൻ എനിക്ക് കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ക്ലബ്ബിൽ നിന്നും പൂർണ്ണപിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്. വിമർശനങ്ങൾ സ്വാഭാവികമാണ്. അതെന്നെ അലോസരപ്പെടുത്തുന്നില്ല. എന്റെ ചിന്തകളെ മാറ്റാൻ വിമർശനങ്ങൾക്ക്‌ സാധിക്കില്ല. മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം. എനിക്ക് ക്ലബുമായി ചരിത്രമുണ്ടെന്നറിയാം. ഞങ്ങൾ കഠിനമായി പ്രവർത്തിക്കേണ്ട സമയമാണിത്. പരിശീലക്കാനായിട്ടുള്ള ഏറ്റവും മോശം സമയമാണ് ഇത്. പക്ഷെ ഞാൻ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരാളാണ്. ഞങ്ങൾ മികച്ച ടീമാണ് എന്ന് ഞങ്ങൾക്ക്‌ തെളിയിക്കാൻ കഴിയും ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *