റയലിൽ തുടരുമോ ബ്രസീലിലേക്ക് പോവുമോ? തന്റെ ഭാവി സ്ഥിരീകരിച്ച് ആഞ്ചലോട്ടി.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായതോടുകൂടിയാണ് ബ്രസീലിന്റെ പരിശീലകനായ ടിറ്റെ പരിശീലക സ്ഥാനം രാജിവെച്ചത്.അതിനുശേഷം ഒരു സ്ഥിര പരിശീലകനെ ഇതുവരെ നിയമിക്കാൻ ബ്രസീലിനെ കഴിഞ്ഞിട്ടില്ല. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ സീസൺ അവസാനിച്ചതിനുശേഷം കൊണ്ടുവരാനാണ് ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം സിബിഎഫ് പ്രസിഡന്റ് തുറന്നുപറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് വലിയ പരാജയം ഏറ്റുവാങ്ങിക്കൊണ്ട് റയൽ മാഡ്രിഡിന് പുറത്തു പോകേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ കാർലോ ആഞ്ചലോട്ടി പുറത്താക്കപ്പെടുമെന്നും അതുവഴി ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ആഞ്ചലോട്ടി തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് തന്നെ നിലനിർത്താൻ പെരസ് തീരുമാനിച്ചിട്ടുണ്ട് എന്നുള്ള കാര്യം ആഞ്ചലോട്ടി തന്നെ തുറന്നു പറയുകയായിരുന്നു.ഇന്നലത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.

” ഞാനും പെരസും തമ്മിൽ ഇന്നലെ ചർച്ചകൾ നടത്തിയിരുന്നു.തീർച്ചയായും അദ്ദേഹം എന്നെ പിന്തുണക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു.ഈ രണ്ട് സീസണുകളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ ഇതേ രൂപത്തിൽ തന്നെ ഇപ്പോൾ മുന്നോട്ടു പോകും.കൂടുതൽ കിരീടങ്ങൾ ഞങ്ങൾക്ക് നേടേണ്ടതുണ്ട്.ബ്രസീലിന്റെ കാര്യത്തിൽ ഇപ്പോൾ ഞാൻ പ്രതികരിക്കാനില്ല. കാരണം എനിക്ക് റയലുമായി കരാർ അവശേഷിക്കുന്നുണ്ടെന്നും ഞാൻ റയലിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നും ഈ ലോകത്തിന് മൊത്തമറിയാം ” ഇതാണ് കാർലോ ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

2024 വരെയാണ് ഈ പരിശീലകന് റയലുമായി കരാർ ഉള്ളത്. അതായത് അടുത്ത സീസൺ വരെ അദ്ദേഹം ക്ലബ്ബിനോടൊപ്പം തന്നെ ഉണ്ടാവും. വരുന്ന ജൂൺ മാസത്തിൽ രണ്ട് സൗഹൃദമത്സരങ്ങൾ ബ്രസീൽ ടീം കളിക്കുന്നുണ്ട്. അതിന് മുൻപേ സ്ഥിര പരിശീലകനെ നിയമിക്കാനായിരിക്കും ബ്രസീൽ ടീം ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!