റഫറി ചെയ്തത് ശരിയായ കാര്യം: പ്രശംസിച്ച് ആഞ്ചലോട്ടി!
ഇന്നലെ മാഡ്രിഡ് ഡെർബിയിൽ സംഭവബഹുലമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്. മത്സരം 1-1 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.മിലിറ്റാവോയിലൂടെ റയൽ മാഡ്രിഡാണ് ലീഡ് കണ്ടെത്തിയിരുന്നത്. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ കൊറേയ നേടിയ ഗോൾ അവർക്ക് സമനില സമ്മാനിക്കുകയായിരുന്നു.അങ്ങനെ രണ്ട് ടീമുകളും പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു.
റയൽ മാഡ്രിഡ് ഗോൾ നേടിയതിന് പിന്നാലെ മത്സരം കുറച്ച് നേരത്തെ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ പെരുമാറ്റമായിരുന്നു ഇതിന് കാരണം. ഗോൾകീപ്പർ കോർട്ടുവക്ക് നേരെ പല സാധനങ്ങളും അവർ എറിയുകയായിരുന്നു. ഇതോടെ കുറച്ചുനേരം മത്സരം തടസ്സപ്പെട്ടു.പിന്നീട് മത്സരം പുനരാരംഭിക്കുവാൻ റഫറി തീരുമാനിക്കുകയും ചെയ്തു.ഏതായാലും ഈ സംഭവങ്ങളെ റഫറി നല്ല രൂപത്തിൽ കൈകാര്യം ചെയ്തു എന്ന് പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ആരാധകർ ലൈറ്ററുകൾ എറിയുന്നുണ്ടെന്നും ഞങ്ങൾ ഡ്രസ്സിംഗ് റൂമിലേക്ക് പോകേണ്ടതുണ്ട് എന്നുമാണ് ആദ്യം റഫറി ഞങ്ങളെ അറിയിച്ചത്. റഫറി നല്ല രൂപത്തിൽ തന്നെയാണ് സാഹചര്യങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത്.ഡ്രസ്സിംഗ് റൂമിൽ വെച്ച് ചില കാര്യങ്ങൾ ഞങ്ങൾ പരിഹരിക്കുകയും ചെയ്തു. ആർക്കും തന്നെ മത്സരം നിർത്തിവയ്ക്കേണ്ടി വന്നത് ഇഷ്ടമായിരുന്നില്ല.ഞങ്ങളെല്ലാവരും കളിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ആ സാഹചര്യത്തെ നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം ഹാൻഡിൽ ചെയ്തിട്ടുള്ളത് ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ റഫറിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
മത്സരത്തിന്റെ അവസാനത്തിൽ ഗോൾ വഴങ്ങി സമനില വഴങ്ങേണ്ടി വന്നു എന്നുള്ളത് റയലിനെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് റയൽ മാഡ്രിഡും മൂന്നാം സ്ഥാനത്ത് അത്ലറ്റിക്കോ മാഡ്രിഡുമാണ് ഉളളത്. ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയുമായി 3 പോയിന്റിന്റെ വ്യത്യാസമാണ് റയൽ മാഡ്രിഡിന് ഉള്ളത്.