മെസ്സി വരില്ല, പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ബാഴ്സയുടെ നാടകമാണിത് :മുൻ കമ്മിറ്റി മെമ്പർ.

സൂപ്പർ താരം ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് നിലവിൽ ബാർസയുള്ളത്. തങ്ങളുടെ പ്ലാൻ എന്താണ് എന്നുള്ളത് ബാഴ്സ ലാലിഗക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ലാലിഗ ഇത് നിരസിക്കുകയായിരുന്നു. നിലവിൽ ലയണൽ മെസ്സിയെ എത്തിക്കുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചിടത്തോളം സങ്കീർണമായ കാര്യമാണ്.

എന്നാൽ ബാഴ്സക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് അവരുടെ മുൻ കമ്മറ്റി അംഗമായ ജൗമേ ലോപിസ് രംഗത്ത് വന്നിട്ടുണ്ട്. മെസ്സി ബാഴ്സയിലേക്ക് തിരികെ വരില്ലെന്നും യഥാർത്ഥ പ്രശ്നങ്ങൾ മറക്കാൻ വേണ്ടി ബാഴ്സ കളിക്കുന്ന ഒരു നാടകമാണ് ഇതെന്നുമാണ് ലോപിസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി ബാഴ്സയിലേക്ക് വരില്ല. ബാഴ്സയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.യഥാർത്ഥ പ്രശ്നങ്ങൾ മറക്കാൻ വേണ്ടിയുള്ള ഒരു പുക മറ മാത്രമാണ് ഇത്.ബാഴ്സ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് നിയമവിരുദ്ധമായ കാര്യമാണ്.1.5 ബില്യൺ യുറോയുടെ ലോൺ ആണ് അവർക്ക് അപ്പ്രൂവ് ആയിട്ടുള്ളത്.അത് സ്റ്റേഡിയത്തിന് മാത്രമല്ല. നിലവിൽ ബാഴ്സലോണയെ നയിച്ചു കൊണ്ടിരിക്കുന്നത് റയൽ പ്രസിഡന്റായ പെരസാണ് “ഇതാണ് ലോപിസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും നിലവിലെ അവസ്ഥയിൽ മെസ്സിയെ എത്തിക്കുക എന്നുള്ളത് ബാഴ്സക്ക് ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. പക്ഷേ അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ബാഴ്സയുടെ ഭാഗത്ത് നിന്നുണ്ടായി കൊണ്ടിരിക്കുന്നുണ്ട്. ലയണൽ മെസ്സിയെ ബാഴ്സ തിരികെ എത്തിച്ചില്ലെങ്കിൽ അദ്ദേഹം പാരീസിൽ തന്നെ തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!