ബാഴ്സ സമനില വഴങ്ങിയതോടെ വിജയം വേണമെന്ന് ഉറപ്പിച്ചു :എംബപ്പേ
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെഗാനസിനെ അവർ പരാജയപ്പെടുത്തിയത്.കിലിയൻ എംബപ്പേ,ഫെഡെ വാൽവെർദെ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്.നിലവിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച റയൽ മാഡ്രിഡ് 4 പോയിന്റിനാണ് പുറകിൽ നിൽക്കുന്നത്.
മത്സരത്തിൽ എംബപ്പേക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞു എന്നുള്ളത് ആശ്വാസം നൽകുന്ന കാര്യമാണ്.വിനിയുടെ അസിസ്റ്റിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നിരുന്നത്.വിനീഷ്യസും താനും നല്ല ബന്ധമാണെന്ന് എംബപ്പേ തുറന്ന് പറഞ്ഞിട്ടുണ്ട്. ബാഴ്സ സമനില വഴങ്ങിയതോടെ വിജയം എന്തായാലും നേടണമെന്ന് ഉറപ്പിച്ചുവെന്നും എംബപ്പേ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എനിക്ക് വിനീഷ്യസുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്.റയൽ മാഡ്രിഡിൽ ഉള്ളവരെല്ലാം മികച്ച താരങ്ങളാണ്.ഞങ്ങൾ വിജയിക്കാൻ തയ്യാറായവരാണ്. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം കാസ്റ്റില്ല താരങ്ങളുടെ ക്വാളിറ്റിയാണ്.അത് എനിക്ക് ഇതിനു മുൻപ് അറിയില്ലായിരുന്നു.എപ്പോഴും വിജയമാണ് ഞങ്ങൾ ലക്ഷ്യം വെക്കാറുള്ളത്. ഇന്നലെ ബാഴ്സലോണ സമനില വഴങ്ങിയിരുന്നു.അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഇനി മത്സരത്തിൽ വിജയം മാത്രമായിരുന്നു വേണ്ടിയിരുന്നത്. മികച്ച പ്രകടനമാണ് ഞങ്ങൾ നടത്തിയത്.ഏത് പൊസിഷനിലും എനിക്ക് കളിക്കാൻ സാധിക്കും.ടീമിനെ സഹായിക്കുക,നല്ല രൂപത്തിൽ കളിക്കുക എന്നുള്ളത് മാത്രമാണ് എന്റെ ലക്ഷ്യം ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് എംബപ്പേ. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഇടത് വിങ്ങിലാണ് അദ്ദേഹത്തെ ആഞ്ചലോട്ടി ഉപയോഗപ്പെടുത്തിയത്. സ്ട്രൈക്കർ റോളിൽ വിനീഷ്യസ് കളിക്കുകയായിരുന്നു. വരുന്ന മത്സരങ്ങളിലും ഈ രീതിയിൽ മുന്നോട്ടു പോകാനാണ് സാധ്യത.