ബാഴ്സക്കെതിരെ എങ്ങനെ കളിക്കണം എന്നത് എംബപ്പേക്ക് നന്നായി അറിയാം: ആഞ്ചലോട്ടി!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ എൽ ക്ലാസിക്കോ പോരാട്ടം അരങ്ങേറുക.സാന്റിയാഗോ ബെർണാബുവാണ് ഈ മത്സരത്തിന് വേദിയാകുന്നത്. തികച്ചും അപ്രവചനീയമായ ഒരു മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. കാരണം രണ്ട് ടീമുകളും മികച്ച രൂപത്തിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
കിലിയൻ എംബപ്പേ ഒരിക്കൽ കൂടി ബാഴ്സക്കെതിരെ ഇറങ്ങുകയാണ്. മുൻപ് ബാഴ്സക്കെതിരെ ആകെ നാല് മത്സരങ്ങൾ കളിച്ചപ്പോൾ 6 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ ആദ്യത്തെ എൽ ക്ലാസിക്കോ പോരാട്ടമാണ് ഇത്.എംബപ്പേയുടെ കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ലെന്നും ബാഴ്സക്കെതിരെ എങ്ങനെ കളിക്കണം എന്നുള്ളത് അദ്ദേഹത്തിനറിയാം എന്നുമാണ് ഇതേ കുറിച്ച് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേയുടെ കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ല.ഞങ്ങൾ സംതൃപ്തരാണ്.ഞങ്ങളുടെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. ഏറ്റവും മികച്ച ഫോമിലേക്ക് എത്താനാണ് അദ്ദേഹം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക് ധൃതിയൊന്നുമില്ല. തീർച്ചയായും ഇതിനേക്കാൾ മികച്ച രീതിയിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയും. അതിനുള്ള കോളിറ്റി അദ്ദേഹത്തിനുണ്ട്. ബാഴ്സക്കെതിരെ കളിച്ച് പരിചയമുള്ള താരമാണ് എംബപ്പേ. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ എങ്ങനെ കളിക്കണം എന്നത് അദ്ദേഹത്തിനറിയാം.വളരെ നല്ല രീതിയിൽ ഈ മത്സരത്തിനു വേണ്ടി അദ്ദേഹം തയ്യാറെടുത്തിട്ടുണ്ട്.തന്റെ കഴിവുകളിൽ അദ്ദേഹം സ്വയം വിശ്വസിക്കുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തുമെന്ന് ഞങ്ങളും വിശ്വസിക്കുന്നു ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പിഎസ്ജിയിൽ വെച്ച് ബാഴ്സക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് എംബപ്പേ. ഈ ലാലിഗയിൽ ആകെ 9 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളാണ് നേടിയിട്ടുള്ളത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ഗോളുകളും ഇമ്പാക്ട്കളും അദ്ദേഹത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.