ബാലൺഡി’ഓർ നൽകേണ്ടത് വിനിക്ക്: ആവശ്യവുമായി അഗ്വേറോ!
വരുന്ന മാസം അവസാനത്തിലാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 28 തീയതി തിങ്കളാഴ്ചയാണ് ഈ ചടങ്ങ് നടക്കുക. ആരായിരിക്കും കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുക എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത് ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്കാണ്. എന്നാൽ അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് റോഡ്രി,ബെല്ലിങ്ങ്ഹാം എന്നിവരൊക്കെ രംഗത്തുണ്ട്.
വിനീഷ്യസ് ജൂനിയർ ബാലൺഡി’ഓർ അർഹിക്കുന്നു എന്ന പ്രസ്താവനയുമായി ഒരുപാട് പേർ രംഗത്ത് വന്നിട്ടുണ്ട്.ഏറ്റവും ഒടുവിൽ നെയ്മർ ജൂനിയർ ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോഴിതാ മുൻ അർജന്റൈൻ സൂപ്പർ താരമായിരുന്ന സെർജിയോ അഗ്വേറോയും വിനിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണത്തെ ബാലൺഡി’ഓർ വിനീഷ്യസാണ് അർഹിക്കുന്നതെന്ന് അദ്ദേഹം കാരണ സഹിതം ചൂണ്ടിക്കാണിക്കുകയായിരുന്നു.അഗ്വേറോയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ കഴിഞ്ഞ സീസണിൽ എംബപ്പേയേക്കാൾ മികച്ചു നിന്നത് വിനീഷ്യസ് ജൂനിയർ തന്നെയാണ്. വളരെയധികം അപകടങ്ങൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് വിനി.വിനിയുടെ കാലിൽ ബോൾ എത്തിയാൽ അത് അപകടമാണ്.അത്തരത്തിലുള്ള ഒരു പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നത് വിനിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം കഴിഞ്ഞ സീസണിൽ എല്ലാവരെക്കാളും മികച്ച പ്രകടനം നടത്തിയത് അദ്ദേഹം തന്നെയാണ് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
നിലവിലെ സാധ്യതകൾ പ്രകാരം വിനീഷ്യസ് തന്നെയാണ് മുൻപന്തിയിൽ നിലകൊള്ളുന്നത്.ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.കഴിഞ്ഞ സീസണിലെ ബിഗ് മാച്ചുകളിൽ തിളങ്ങി എന്നുള്ളതാണ് വിനിയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. ബ്രസീൽ ദേശീയ ടീമിനോടൊപ്പം പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം നടത്താൻ കഴിഞ്ഞില്ല എന്നുള്ളത് മാത്രമാണ് വിനിയുടെ കാര്യത്തിലുള്ള ഏക നെഗറ്റീവ്.