ഫുട്ബോൾ നിങ്ങളെ തകർത്ത് കളയും: ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി റാഫീഞ്ഞ!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് എഫ്സി ബാഴ്സലോണക്ക് വേണ്ടി ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടാൻ താരത്തിന് സാധിച്ചിരുന്നു. തന്റെ കരിയറിലെ ആദ്യത്തെ ഹാട്രിക്കാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ലീഗിൽ ഇതിനോടകം തന്നെ 5 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് റാഫീഞ്ഞ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ നിങ്ങളെ തകർത്തു കളയും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരു ഫുട്ബോൾ താരം ഡിപ്രഷനിലേക്ക് വീഴാനുള്ള സാധ്യതകൾ ഏറെയാണെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.താരത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഫുട്ബോളിൽ ഒരു കരിയർ ഉണ്ടാക്കിയെടുക്കണമെങ്കിൽ നിങ്ങൾ ഹാർഡ് വർക്ക് മാത്രം ചെയ്താൽ പോരാ, ഒരിക്കലും വിട്ടുകൊടുക്കാൻ മനസ്സില്ലാതെ തുടരുകയും ചെയ്യണം.ഫുട്ബോൾ നിർത്തി പോകാൻ എനിക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു.നിങ്ങളെ പാട് തകർത്തു കളയുന്ന ഒരു പ്രൊഫഷനാണ് ഫുട്ബോൾ. തൊട്ടടുത്ത ദിവസം എണീക്കാൻ സാധിക്കുമോ എന്നു പോലും അറിയാതെ കിടന്നുറങ്ങിയ ദിവസങ്ങൾ എനിക്കുണ്ട്. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. സൈക്കോളജിക്കലായിട്ടുള്ള വർക്കുകൾ ഞാൻ ഒരുപാട് ചെയ്യാറുണ്ട്.കാരണം അത് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ ഫുട്ബോൾ താരങ്ങളും അത് ചെയ്യാറുണ്ട്. സൈക്കോളജിസ്റ്റിന്റെ സഹായം തേടിയില്ലെങ്കിൽ ഫുട്ബോൾ നിങ്ങളെ തകർത്തു കളയും. എല്ലാം ഉപേക്ഷിച്ചുകൊണ്ട് നമ്മൾ ഡിപ്രഷനിലേക്ക് പോകാനുള്ള സാധ്യതകൾ ഒരു ഫുട്ബോൾ താരത്തിൽ ഏറെയാണ് ” ഇതാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.
ബാഴ്സയിലെ തുടക്കകാലത്ത് തനിക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു എന്നുള്ളത് റാഫിഞ്ഞ തുറന്ന് പറഞ്ഞിട്ടുണ്ട്. താരത്തെ ഒഴിവാക്കാൻ പലപ്പോഴും ബാഴ്സലോണ ശ്രമിച്ചിരുന്നു. എന്നാൽ ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചത് അദ്ദേഹമായിരുന്നു. ഇപ്പോൾ റാഫിഞ്ഞയുടെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹത്തിൽ നിന്നും ഫ്ലിക്ക് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.