ഫാറ്റിക്കെതിരെയുള്ള വംശീയാധിക്ഷേപം, മാപ്പ് പറഞ്ഞ് ലേഖകൻ !

കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സലോണ യുവസൂപ്പർ താരം അൻസു ഫാറ്റിക്ക് ഒരു സ്പാനിഷ് മാധ്യമത്തിൽ നിന്ന് വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്നത്. സ്പെയിനിലെ എബിസി എന്ന മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഫാറ്റിയെ അധിക്ഷേപിച്ചത്. ‘പോലീസിനെ കാണുമ്പോൾ ഓടിയൊളിക്കുന്ന കറുത്തവർഗക്കാരനായ തെരുവ് വിൽപ്പനക്കാരനെ പോലെയാണ് ഫാറ്റി ‘ എന്നായിരുന്നു അവരുടെ മാച്ച് റിപ്പോർട്ടിൽ അവർ കുറിച്ചത്. ഇത് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. താരത്തിന്റെ സഹതാരമായ അന്റോയിൻ ഗ്രീസ്‌മാൻ ഉൾപ്പടെ ഇതിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു എന്ന് മാത്രമല്ല എഫ്സി ബാഴ്സലോണ ഇതിനെതിരെ നിയമപരമായി നീങ്ങാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഇങ്ങനെ ഫുട്ബോൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും വിമർശനങ്ങൾ കനത്തതോടെ മാപ്പ് പറഞ്ഞിരിക്കുകയാണ് ഈ സ്പാനിഷ് പത്രം.

ആ റിപ്പോർട്ട്‌ എഴുതിയ ലേഖകനായ സാൽവദോർ സോസ്ട്രസാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. ” വളരെയധികം പ്രതിഭയുള്ള ഒരു യുവതാരമാണ് അൻസു ഫാറ്റി. എന്റെ ഉദ്ദേശം എന്നുള്ളത് ഫാറ്റിയുടെ നീക്കങ്ങളുടെ മനോഹാരിത വിവരിക്കുക എന്നുള്ളതായിരുന്നു. പക്ഷെ അതിലെ ചില കാര്യങ്ങൾ തെറ്റിധരിക്കപ്പെട്ടു. അതൊരിക്കലും മനഃപൂർവം എഴുതിയത് ആയിരുന്നില്ല. ഫാറ്റിയുടെ അരങ്ങേറ്റം മുതൽ അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രം എഴുതിയ വ്യക്തിയാണ് ഞാൻ. ഇതൊരു തെറ്റിധാരണയുടെ പുറത്തു സംഭവിച്ചതാണ്. അതിനാൽ തന്നെ എന്റെ ഈ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു ” ഇതായിരുന്നു സാൽവദോർ കുറിച്ചത്. ഏതായാലും മാപ്പ് പറഞ്ഞതോടെ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ നിന്നും ബാഴ്‌സ പിന്മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *