പെപ് ഗാർഡിയോളയുമായുള്ള താരതമ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നു : തുറന്നുപറഞ്ഞ് സാവി

2019 ന് ശേഷം എഫ്സി ബാഴ്സലോണക്ക് ആദ്യമായി ലാലിഗ കിരീടം നേടിക്കൊടുക്കാൻ പരിശീലകനായ സാവിക്ക് സാധിച്ചിരുന്നു. പക്ഷേ പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു കളിശൈലിയാണ് സാവിക്ക് കീഴിൽ ബാഴ്സലോണ പുറത്തെടുത്തിരുന്നത്. 11 മത്സരങ്ങളിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ വിജയിച്ചത്.മാത്രമല്ല ലീഗിൽ 26 ക്ലീൻ ഷീറ്റുകൾ ബാഴ്സ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഗോളടിക്കുന്നതിൽ ചിലപ്പോഴൊക്കെ ബാഴ്സക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.

ഇതിനെതിരെ പലപ്പോഴും സാവിക്ക് വിമർശനങ്ങൾ കേൾക്കേണ്ടിവന്നിരുന്നു. പ്രത്യേകിച്ച് പെപ് ഗാർഡിയോള ബാഴ്സയിലായിരുന്ന സമയത്ത് ഫുട്ബോൾ ലോകം അടക്കി ഭരിക്കാൻ അന്നത്തെ ബാഴ്സക്ക് കഴിഞ്ഞിരുന്നു. അത് വെച്ചുകൊണ്ടുള്ള താരതമ്യങ്ങൾ സാവിക്ക് കേൾക്കേണ്ടി വരുന്നുണ്ട്.പെപ്പിന്റെ കണക്കുകളും താരതമ്യങ്ങളും തനിക്ക് ഭാരമാവുന്നു എന്നുള്ളത് സാവിയിപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു പരിശീലകൻ എന്ന നിലയിൽ പെപ്പിന്റെ കണക്കുകളും അദ്ദേഹവുമായുള്ള താരതമ്യങ്ങളും എനിക്ക് വളരെയധികം ഭാരമുണ്ടാക്കുന്നു. ഇങ്ങനെ താരതമ്യം ചെയ്യുന്നത് ഒരിക്കലും നല്ല ഒരു കാര്യമല്ല. ഞാൻ ഒരു താരമായിരുന്ന സമയത്ത് എനിക്ക് ഇത് സംഭവിച്ചിട്ടുണ്ട്. എല്ലാവർക്കും അവരവരുടേതായ താളുകളുണ്ട് എന്നുള്ളത് മനസ്സിലാക്കണം.ഞാൻ ബാഴ്സയുമായുള്ള എന്റെ കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഒരുപാട് വർഷം ഇവിടെ തുടരാനാകും എന്നാണ് എന്റെ പ്രതീക്ഷ ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

സാവിക്ക് കീഴിൽ ലാലിഗയിൽ മികച്ച പ്രകടനം നടത്താൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും യൂറോപ്യൻ കോമ്പറ്റീഷനുകളിൽ വളരെ മോശം പ്രകടനമാണ് ബാഴ്സ നടത്തിയിട്ടുള്ളത്. വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് സാവിക്ക് കീഴിൽ യൂറോപ്പ്യൻ കോമ്പറ്റീഷനുകളിൽ ബാഴ്സ വിജയിച്ചിട്ടുള്ളത്.അടുത്ത സീസണിൽ അതിനൊരു പരിഹാരം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!