തിയ്യതി നിശ്ചയിച്ചു, പരിശീലനത്തിനൊരുങ്ങി റയൽ മാഡ്രിഡ്
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് തിരികെ പരിശീലനത്തിനെത്താനൊരുങ്ങുന്നു. ലാലിഗയുടെ അനുമതി കൂടി ലഭിച്ചാൽ മെയ് നാല് മുതൽ പരിശീലനം ആരംഭിക്കാനാണ് കോച്ച് സിദാന്റെയും താരങ്ങളുടെയും പദ്ധതി. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും മുൻകരുതലുകളും എടുത്തതായി ക്ലബ് ലാലിഗയെ അറിയിച്ചുകഴിഞ്ഞു. ലാലിഗ അധികൃതരും സ്പാനിഷ് ഗവണ്മെന്റും പച്ചക്കൊടി കാട്ടിയാൽ മെയ് നാലിന് തന്നെ പരിശീലനം തുടങ്ങാനാണ് ലോസ് ബ്ലാങ്കോസിന്റെ ആലോചന. താരങ്ങളെ സ്വീകരിക്കാൻ വൽഡെബെബാസിലെ ഗ്രൗണ്ടുകൾ പൂർണ്ണസജ്ജമായി കഴിഞ്ഞു.
കഴിഞ്ഞ മാർച്ച് 12 നായിരുന്നു റയൽ മാഡ്രിഡ് അവരുടെ പരിശീലനസൗകര്യങ്ങൾ അടച്ചിട്ടത്. റയൽ ബാസ്കറ്റ്ബോൾ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരോടും ഐസോലേഷനിൽ കഴിയാൻ ക്ലബ് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ കോച്ച് സിദാൻ എല്ലാ താരങ്ങളോടും വീട്ടിൽ പരിശീലനം തുടരാനും കർശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനി പഴയ രീതിയിൽ ആവില്ല പരിശീലനമുന്നൊരുക്കങ്ങൾ. ആരോഗ്യപരമായ ചെക്കിങ്ങുകളും മറ്റും നടത്തിയ ശേഷമേ താരങ്ങളെ ട്രെയിനിങ് ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയൊള്ളൂ. മാത്രമല്ല താരങ്ങളും ആളുകളും തമ്മിൽ ബന്ധമുണ്ടാവുന്നത് ഒഴിവാക്കും. സാമൂഹികഅകലം പാലിച്ചായിരിക്കും പരിശീലനം നടത്തുക എന്നിവയൊക്കെ ക്ലബ് അധികൃതർ അറിയിച്ചിട്ടുണ്ട്.