തകർപ്പൻ ഗോളുകളുമായി വിനീഷ്യസും റാമോസും, വിജയകുതിപ്പ് തുടർന്ന് റയൽ ഒന്നാമത്

വിനീഷ്യസ് ജൂനിയറിന്റെയും സെർജിയോ റാമോസിന്റെയും രണ്ട് തകർപ്പൻ ഗോളുകൾ പിറന്ന മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്‌. ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് മത്സരത്തിലാണ് റയൽ മയ്യോർക്കയെ റയൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ വിനീഷ്യസും രണ്ടാം പകുതിയിൽ റാമോസും നേടിയ ഗോളുകളാണ് റയലിന് ജയം നേടികൊടുത്തത്. ലീഗ് പുനരാരംഭിച്ചതിന് ശേഷം നടന്ന നാല് മത്സരങ്ങളിലും വിജയക്കൊടി പാറിക്കാൻ റയലിന് സാധിച്ചിട്ടുണ്ട്. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാനും റയലിന് കഴിഞ്ഞു. ഇരുപത് ജയത്തോടെ അറുപത്തിയെട്ട് പോയിന്റോടെ റയൽ ഒന്നാം സ്ഥാനത്താണ് നിലവിൽ.

ബെൻസിമ-ബെയ്ൽ-ഹസാർഡ്- വിനീഷ്യസ് എന്നിവരെ ആക്രമണനിരയിൽ വിന്യസിച്ചു കൊണ്ടാണ് റയൽ മത്സരം തുടങ്ങിയത്. പ്രതീക്ഷിച്ച പോലെ തന്നെ റയൽ മികച്ച പ്രകടനം തുടർന്നു. ആറാം മിനിറ്റിൽ തന്നെ ബെൻസിമയുടെ ഒരു ഷോട്ട് മയ്യോർക്ക് കീപ്പർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഹസാർഡിന്റെ ഷോട്ടും രക്ഷപ്പെടുത്തി കൊണ്ട് മയ്യോർക്ക കീപ്പർ റയലിന് തടസ്സമായി. എന്നാൽ മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ വിനീഷ്യസ് ലക്ഷ്യം കണ്ടു. ലൂക്ക മോഡ്രിച് നീട്ടിനൽകിയ പന്ത് ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ വിനീഷ്യസ് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ അൻപത്തിയാറാം മിനുട്ടിലാണ് സെർജിയോ റാമോസിന്റെ ഗോൾ പിറന്നത്. ബോക്സിന് തൊട്ട് വെളിയിൽ നിന്ന് കിട്ടിയ ഫ്രീകിക്ക് ഒരു കരുത്തുറ്റ ഷോട്ടിലൂടെ വലയിലെത്തിച്ച് റാമോസ് ഗോൾ പട്ടിക പൂർത്തിയാക്കി. ഒന്ന് രണ്ട് തവണ മയ്യോർക്കയും ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും തന്നെ ഭേദിക്കാൻ കോർട്ടുവ ആണ് അനുവദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *