ഞങ്ങൾ ശരിക്കും ആദരിക്കപ്പെട്ടു:ബാഴ്സ ഉന്നം വെച്ചത് റയലിനെയോ?
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഇന്നലെയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരമായ റോഡ്രിയാണ് പുരസ്കാരം നേടിയത്. എന്നാൽ ഇത് ഫുട്ബോൾ ലോകത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയർ ഈ പുരസ്കാരം നേടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.വിനി രണ്ടാമതാണ് എന്നറിഞ്ഞതോടെ റയൽ മാഡ്രിഡ് ഈ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു.
അതേസമയം റയൽ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്സ ഈ പുരസ്കാരത്തിന് വേണ്ടി എത്തിയിരുന്നു. അവരുടെ പ്രസിഡണ്ടായ ലാപോർട്ട,കോപ ട്രോഫി ജേതാവ് ലാമിൻ യമാൽ,ഡാനി ഒൽമോ, എന്നിവർക്ക് പുറമേ വനിത താരങ്ങളും ഉണ്ടായിരുന്നു.അവർ റെഡ് കാർപെറ്റിൽ പങ്കെടുക്കുന്ന വീഡിയോ ബാലൺഡി’ഓർ തങ്ങളുടെ എക്സ് അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് ഷെയർ ചെയ്തു കൊണ്ട് ബാഴ്സ ചില കാര്യങ്ങൾ എഴുതിയിട്ടുണ്ട്.അത് ഇപ്രകാരമാണ്.
“ഞങ്ങൾ ഇവിടെ ശരിക്കും ആദരിക്കപ്പെട്ടു. നിങ്ങളുടെ മനോഹരമായ ഈ വരവേൽപ്പിന് ഒരുപാട് നന്ദി ” ഇതായിരുന്നു അവർ എഴുതിയിരുന്നത്.എന്നാൽ ഇതിൽ റയൽ മാഡ്രിഡിനെ കൂടി അവർ ഉന്നം വെച്ചിട്ടുണ്ട് എന്നാണ് ചിലർ കണ്ടെത്തിയിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം അക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതായത് ബാലൺഡി’ഓർ തങ്ങളെ അപമാനിച്ചു, തങ്ങളോട് ബഹുമാനം കാണിച്ചില്ല എന്നൊക്കെയായിരുന്നു റയൽ മാഡ്രിഡ് ആരോപിച്ചിരുന്നത്. എന്നാൽ അതിനു മറുപടിയായി കൊണ്ടാണ് ബാഴ്സ ഈ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.ബാലൺഡി’ഓർ തങ്ങളെ ശരിക്കും ആദരിച്ചു എന്ന ക്യാപ്ഷൻ റയലിനുള്ള മറുപടിയാണ് എന്നാണ് പലരുടെയും വിലയിരുത്തൽ. ഏതായാലും കോപ ട്രോഫിയും വനിത ബാലൺഡി’ഓറും നേടാൻ കഴിഞ്ഞത് ബാഴ്സലോണക്ക് സന്തോഷം നൽകുന്ന കാര്യമാണ്.